പകര്‍പ്പവകാശ നിയന്ത്രണങ്ങളില്ലാതെ ഏവര്‍ക്കും ആസ്വദിയ്ക്കാവുന്ന സ്വതന്ത്ര സിനിമകളെ പരിചയപ്പെടുത്തുന്ന രണ്ടു് ദിവസത്തെ സ്വതന്ത്ര സിനിമോത്സവം കോഴിക്കോട് എന്‍ഐടിയില്‍ വച്ചു് ഈ ശനിയും ഞായറും നടക്കും. ആദ്യ ദിവസം സ്വതന്ത്ര സിനിമകളുടെ പ്രദര്‍ശനവും രണ്ടാം ദിവസം അനിമേഷന്‍ സിനിമകള്‍ സൃഷ്ടിയ്ക്കാനുപയോഗിയ്ക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറായ ബ്ലെന്‍ഡര്‍ ഉപയോഗിയ്ക്കാനുള്ള പരിശീലനവും നടക്കും. പൊതുജനപങ്കാളിത്തത്തോടെ നിര്‍മ്മിയ്ക്കുന്ന ചാമ്പ സ്വതന്ത്ര സിനിമാ സംരംഭത്തിന്റെ പ്രചാരണത്തിനായാണു് രണ്ടു് ദിവസത്തെ പരിപാടി സംഘടിപ്പിയ്ക്കുന്നതു്. ഫെബ്രുവരി ആദ്യവാരം എന്‍ഐടിയില്‍ തന്നെ ഒരാഴ്ച നീണ്ട ചാമ്പ കലാകാരന്മാരുടെ ഒത്തുചേരലും ഫോസ്‌മീറ്റിനൊപ്പം നടക്കും.
ഡിജിറ്റല്‍ സൊസൈറ്റിയില്‍ പകര്‍പ്പവകാശം പോലുള്ള കുത്തകാവകാശങ്ങള്‍ സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ സാധാരണക്കാരിലെത്തിയ്ക്കുന്നതിനെയും പുത്തന്‍ ആശയങ്ങളുടെ വളര്‍ച്ചെയേയും തടയുമെന്നും എല്ലാവരും ഒത്തുചേര്‍ന്നു് എല്ലാവര്‍ക്കും ലഭ്യമാകുന്ന തരത്തിലുള്ള സാംസ്കാരിക വസ്തുക്കള്‍ നിര്‍മ്മിയ്ക്കുകയും ചെയ്യണമെന്നും വിശ്വസിയ്ക്കുന്ന സ്വതന്ത്ര സംസ്കാരത്തിന്റെ വക്താക്കളാണു് ഇതിന്റെ അണിയറയില്‍.
ബ്ലെന്‍ഡര്‍ ഫൌണ്ടേഷനാണു് എലിഫന്റ്സ് ഡ്രീം, ബിഗ് ബക്ക് ബണ്ണി, സിന്റല്‍ തുടങ്ങിയ സ്വതന്ത്ര സിനിമകളിലൂടെ ഈ ആശയത്തെ പ്രചാരത്തില്‍ കൊണ്ടുവന്നതു്. നീന പാലി സ്വന്തമായി നിര്‍മ്മിച്ച സീതയുടെ പാട്ടുകള്‍ എന്ന സിനിമയും സ്വതന്ത്ര സിനിമയായാണു് പുറത്തിറങ്ങിയതു്. ഇതേപ്പറ്റി ഞാന്‍ നേരത്തെ എഴുതിയതിവിടെ. ഇതോടൊപ്പം തന്നെ മറ്റു് പല സിനിമകളും സ്വതന്ത്രാനുമതികളോടെ പുറത്തിറങ്ങുന്നുണ്ടു്. ചാമ്പ പോലെ തന്നെ ഏഞ്ചലോ എന്ന പേരില്‍ ചെന്നെയിലെ അനിമേഷന്‍ കമ്പനിയായ പ്രോസ്പെക്റ്റ് വിയും സ്വതന്ത്ര സിനിമയെടുക്കുന്നുണ്ടു്.
ചാമ്പ സംരംഭത്തിലെ കലാകാരനായ മിലാദ് താഹ ഒരാഴ്ച കൊണ്ടു് തന്റെ ഒഴിവു് സമയത്തു് നിര്‍മ്മിച്ച ഒരു ലഘു ചിത്രം
അടുത്തു് കേരളത്തിലെ ചിലര്‍ രൂപയുടെ ചിഹ്നമുള്ള ഫോണ്ടിറക്കി എന്നു് പറഞ്ഞു് ആഘോഷം പൊടിപൂരമാക്കുമ്പോള്‍ തോന്നിയതാണിതു്. പലര്‍ക്കും അത്രയൊക്കെയേ വേണ്ടൂ, എല്ലാവര്‍ക്കും അത്രയും മതി എന്നും അവര്‍ പറഞ്ഞേയ്ക്കാം. ബില്‍ ഗേറ്റ്സ് പണ്ടു് പറഞ്ഞിട്ടുണ്ടല്ലോ ആര്‍ക്കും 640K മതിയാകും എന്നു്. കിലോ പോയിട്ടു് മെഗായും കഴിഞ്ഞു് ഗിഗാബൈറ്റിലാണിന്നു് മെമ്മറിയുടെ കണക്കുകള്‍ പറയുന്നതു് എന്നറിയുമ്പോഴാണിതിന്റെ പൊള്ളത്തരം മനസ്സിലാകുന്നതു്.
മനോരമയടക്കമുള്ള പല പത്രങ്ങളും ഇപ്പോളും ആസ്കി യുഗത്തിലാണു് ജീവിയ്ക്കുന്നതു്. അവര്‍ക്കു് സ്ക്രീനില്‍ കണ്ടു് അച്ചടിയ്ക്കാന്‍ പറ്റിയാല്‍ മലയാളം ധാരളമായി. എന്നാല്‍ ഇന്റര്‍നെറ്റിന്റെ ഈ കാലത്തു് തെരഞ്ഞാല്‍ വിവരം കിട്ടാതിരിയ്ക്കുന്ന അവസ്ഥയെക്കുറിച്ചു് ചിന്തിച്ചിട്ടുണ്ടോ? മലയാള മനോരമ പോലുള്ള പത്രങ്ങളുടെ ആസ്കി പതിപ്പിലെ വിവരം സൂക്ഷിയ്ക്കുന്നതു് ഇംഗ്ലീഷ് അക്ഷരങ്ങളുടെ (യൂറോപ്യന്‍ അക്ഷരങ്ങളുടെ) അര്‍ത്ഥശൂന്യമായ ഫയലുകളായിട്ടാണു്. ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകള്‍ക്കു് ഇതുപോലുള്ള സൈറ്റുകളിലെ വിവരം അവരുടെ ഉപയോക്താക്കളിലെത്തിയ്ക്കണമെങ്കില്‍ മനോരമ സൈറ്റിനെ പ്രത്യേകം കൈകാര്യം ചെയ്യണം. അവരുടെ ഗൂഗിള്‍ വാര്‍ത്താ സേവനത്തില്‍ അവരതാണു് ചെയ്യുന്നതു്. അവര്‍ക്കിതിനായി മനോരമ പോലുള്ള യൂണികോഡ് ഉപയോഗിയ്ക്കാത്തെ വെബ്സൈറ്റുകളുടെ യൂണികോഡിലേയ്ക്കു് മാറ്റിയ പകര്‍പ്പു് സൂക്ഷിച്ചു് വേണം ഒരു വാര്‍ത്ത തെരയാന്‍. എന്നാല്‍ അവരുടെ സൈറ്റ് സാധാരണക്കാര്‍ക്കു് വായിയ്ക്കണമെങ്കില്‍ പദ്മ പോലുള്ള ഫയര്‍ഫോക്സിനൊപ്പം ഉപയോഗിയ്ക്കാവുന്ന എന്‍കോഡിങ്ങ് യൂണികോഡിലേയ്ക്കു് മാറ്റുന്ന സംവിധാനം വേണം.
പിന്നെ ആദ്യത്തെ ഫോണ്ടു് ആദ്യത്തെ ബ്രൌസര്‍ തുടങ്ങിയ അവകാശവാദങ്ങള്‍ പെട്ടെന്നു് വാര്‍ത്തകളില്‍ ഇടം പിടിയ്ക്കുമല്ലോ. നമുക്കിപ്പോഴും ഓപ്പറേറ്റിങ്ങ് സിസ്റ്റവും ഫോണ്ടുകളുമെക്കെ അജ്ഞാതമായിരിയ്ക്കുന്നതിന്റെ പരിണിത ഫലമാണിതു്. മറ്റാരോ നമുക്കു് തരുന്ന സൌകര്യം. നമുക്കും ചെയ്യാവുന്ന കാര്യമായി നാമിതിനെ സമീപിയ്ക്കാതിരിയ്ക്കുന്നതു് കൊണ്ടാണു് പലപ്പോഴും മുറി വൈദ്യന്‍മാരെ പൊക്കിനടക്കേണ്ടുന്ന ഗതികേടുണ്ടാകുന്നതു്.
രൂപയുടെ ചിഹ്നത്തിലേയ്ക്കു് തിരിച്ചു് വരാം, ഇവിടെ ~ എന്ന അക്ഷരത്തിന്റെ സ്ഥാനത്തു് രൂപയുടെ ചിഹ്നം കയറ്റി വച്ചുള്ള ഒരു തട്ടിപ്പു് പരിപാടിയാണിവിടെ വലിയ ആഘോഷമായി കൊട്ടിഘോഷിയ്ക്കപ്പെട്ടതു്. കാണാന്‍ മാത്രമുള്ളൊരു സൂത്രവിദ്യ, കാണുക എന്നു് മാത്രമേ നിങ്ങള്‍ കമ്പ്യൂട്ടറുകൊണ്ടുദ്ദേശിയ്ക്കുന്നുള്ളൂ എങ്കില്‍ അതു് തന്നെ ധാരളമായിരിയ്ക്കും. എന്നാല്‍ രൂപയെ എല്ലാം കമ്പ്യൂട്ടറുകളും രൂപയായി മനസ്സിലാക്കാന്‍ ഇനിയും കാത്തിരിയ്ക്കണം. യൂണികോഡില്‍ ഈ ചിഹ്നത്തിനു് സ്ഥാനം ലഭിയ്ക്കുന്നതു് വരെ ഇതൊരു പറ്റിപ്പായി നിലനില്‍ക്കും.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ നേതൃത്വത്തില്‍ സിക്സ്‌വെയര്‍ ടെക്ലോളജിസിന്റേയും പാലക്കാട് ലിബര്‍ സോഫ്റ്റ്‌വെയര്‍ യൂസേര്‍സ് സൊസൈറ്റിയുടേയും സ്വതന്ത്ര ജനാധിപത്യ സഖ്യത്തിന്റേയും സഹകരണത്തോടെ രണ്ടു് ദിവസത്തെ പ്രദേശികവത്കരണ ശിബിരം ബിഗ് ബസാര്‍ സ്കൂളില്‍ (വലിയങ്ങാടി സ്ക്കൂളില്‍) വച്ചു് ജൂലൈ 10, 11 (ശനി, ഞായര്‍) തിയ്യതികളില്‍ നടത്തുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ മലയാളത്തില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനത്തില്‍ സാധാരണക്കാരെ പങ്കെടുപ്പിയ്ക്കാനും ആവശ്യമായ പരിശീലനം നല്‍കാനും രണ്ടു് ദിവസത്തെ ശിബിരം ലക്ഷ്യമിടുന്നു. ശിബിരം നടക്കുന്ന പള്ളിക്കൂടവും അതിനടുത്ത റോഡുകളും സ്വതന്ത്ര ഭൂപട സംരംഭമായ ഓപ്പണ്‍സ്ട്രീറ്റ്മാപ്പില്‍ ചേര്‍ക്കുവാനും ശിബിരം ലക്ഷ്യമിടുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കി മലയാളഭാഷാ കമ്പ്യൂട്ടിങ്ങ് രംഗത്തു് പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
ശിബിരത്തില്‍ പങ്കെടുക്കാന്‍ നിബന്ധനകളൊന്നുമില്ല, മലയാളത്തില്‍ കമ്പ്യൂട്ടറുപയോഗിയ്ക്കാനും മലയാളം കമ്പ്യൂട്ടിങ്ങിന്റെ സാധ്യതകളേക്കുറിച്ചറിയാനും പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനും താത്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം. പ്രവേശനം സൌജന്യമാണു്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ താഴെ കൊടുത്ത വെബ്സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്യുകയോ താഴെ കൊടുത്ത പ്രവര്‍ത്തകരെ വിളിച്ചറിയിയ്ക്കുകയോ ചെയ്യണം. കോഴിക്കോട്, പൂനെ, തിരുവനന്തപുരം, അങ്കമാലി, കൊച്ചി, കുറ്റിപ്പുറം തുടങ്ങി ആറിടങ്ങളില്‍ ഇതിനോടകം തന്നെ ശിബിരങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി.
കമ്പ്യൂട്ടറില്‍ മലയാളം എങ്ങനെ ഉപയോഗിയ്ക്കാമെന്നതിന്റെ പരിശീലനവും ഇതിന്റെ സാങ്കേതിക വശങ്ങളുടെ വിശദീകരണവും മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രധാന്യത്തെക്കുറിച്ചുള്ള ചര്‍ച്ചയും ആദ്യ ദിവസത്തെ പരിപാടിയിലുണ്ടു്. സോഫ്റ്റ്‌വെയറുകള്‍ മലയാളത്തില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും ചിട്ടവട്ടങ്ങളും പരിചയപ്പെടുത്തുന്നതിനോടൊപ്പം ചില സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ മലയാളം പരിഭാഷ കൂട്ടായി ചെയ്യാനും ലക്ഷ്യമിടുന്നു. കമ്പ്യൂട്ടറിന്റെ ഉപയോഗത്തിലെ ചുമര്‍ചിത്രങ്ങള്‍ (wallpapers), സ്ക്രീന്‍സേവറുകള്‍ തുടങ്ങി കലാപരമായ വിഷയങ്ങളുടെ സാംസ്കാരികമായ പ്രാദേശികവത്കരണത്തിന്റെ ആവശ്യകതയെക്കുറിച്ചും അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും ചര്‍ച്ച നടക്കും. ഇരുമ്പനം വിഎച്ച്എസ്എസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ടക്സ്‌പെയിന്റ് എന്ന ചിത്രം വരയ്ക്കാനുള്ള സോഫ്റ്റ്‌വെയറില്‍ കേരളത്തിലെ പൂക്കള്‍ ചേര്‍ത്തു് നേരത്തെ തന്നെ ഈ മേഖലയില്‍ മാതൃക കാട്ടിയിട്ടുണ്ടു്
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തത്വശാസ്ത്ര ലേഖനങ്ങളുടെ പരിഭാഷയും ഗുണനിലവാരം ഉറപ്പു് വരുത്തലുമായി രണ്ടാം ദിവസത്തെ പരിപാടി തുടങ്ങും. കെഡിഇ എന്ന സോഫ്റ്റ്‌വെയര്‍ ശേഖരത്തിലെ കളികളുടെ മലയാള പരിഭാഷയും രണ്ടാം ദിവസം തുടരും. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ചും ശിബിരത്തെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ശിബിരത്തിനു് രെജിസ്റ്റര്‍ ചെയ്യാനും http://www.smc.org.in എന്ന വെബ്സൈറ്റ് സന്ദര്‍ശിയ്ക്കുകയോ താഴെ കൊടുത്ത നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.
മണിപ്പൂരിന്റെ ഉരുക്കുവനിതയായ ഇറോം ശര്‍മ്മിള ചാനുവിന്റെ നിരാഹാര സമരം പത്തു വര്‍ഷം കടന്നു, പക്ഷേ മാവോയിസ്റ്റുകളോടു് പോലും ചര്‍ച്ചയ്ക്കു് തയ്യാറാണെന്നു് പറയുന്ന ചിദംബരം ജനാധിപത്യപരമായി അഹിംസാ മാര്‍ഗ്ഗത്തിലൂന്നിയ ഈ സമരത്തിനു് നേരെ കണ്ണടയ്ക്കുന്നു. ഇന്ത്യയിലുടനീളം നടക്കുന്ന പല അഹിംസാ മാര്‍ഗ്ഗത്തിലുള്ള സമരങ്ങളുടെ നേര്‍ക്കും ഇതേ മനേഭാവം പുലര്‍ത്തുന്ന സര്‍ക്കാരിനു് മുന്നറിയിപ്പുമായി ഗാന്ധിയുടെ ഹിന്ദ് സ്വരാജ് എന്ന പുസ്തകത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രതിരോധമന്ത്രി എകെ ആന്റണിയുടെ നാടായ ചേര്‍ത്തലയില്‍ നിന്നും ഇറോം ശര്‍മ്മിള ജയിലില്‍ കിടക്കുന്ന ഇംഫാല്‍ വരെ സിവിക് ചന്ദ്രന്‍, സാറാ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു പറ്റം മലയാളികള്‍ നടത്തുന്ന യാത്ര കഴിഞ്ഞ ആഴ്ച പൂനയിലൂടെ കടന്നു് പോയി.
മണിപ്പൂരടക്കമുള്ള ഏഴു് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിലവിലുള്ള പട്ടാള കരിനിയമമായ അഫ്‌സ്പ (AFSPA-Armed Forces Special Powers Act) പിന്‍വലിച്ചു് ജനങ്ങളുടെ ഭരണഘടന ഉറപ്പു് നല്‍കുന്ന അധികാരങ്ങള്‍ തിരിച്ചു് നല്‍കണമെന്നാണു് ഇറോം ശര്‍മ്മിളയുടെ പത്തു് വര്‍ഷം നീണ്ട ഈ നിരാഹാര സമരത്തിന്റെ ആവശ്യം. മാറി മാറി വന്ന സര്‍ക്കാരുകള്‍ നല്‍കിയ വാഗ്ദാനങ്ങളും ഇതേപ്പറ്റി പഠിയ്ക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജീവന്‍ റെഡ്ഡി കമ്മീഷന്റെ ശുപാര്‍ശകളും നില നില്‍ക്കെ തന്നെ ഈ കരി നിയമത്തിന്റെ മറവില്‍ ജനങ്ങളുടെ ഭരണഘടനാധികാരങ്ങള്‍ ഇന്നും ഭരണഘടനയുടെ താളില്‍ തന്നെയിരിയ്ക്കുന്നു.
"ബ്രിട്ടീഷുകാര്‍ 1942ലെ ‘ക്വിറ്റ് ഇന്ത്യാ’ സമരത്തെ അടിച്ചമര്‍ത്താന്‍ പാസാക്കിയ ഒരു ഓര്‍ഡിനന്‍സിന്‍റെ പേര് Armed Force (Special Powers) Ordinance എന്നായിരുന്നു. 1942 ആഗസ്ത് 15 മുതല്‍ AFSPO ഇന്ത്യ മുഴുവന്‍ ബാധകമാക്കി. ക്വിറ്റ് ഇന്ത്യാ സമരത്തെ അടിച്ചമര്‍ത്താനായിരുന്നു അത്. ആവശ്യമെന്ന് തോന്നിയാല്‍ ക്യാപ്റ്റനും അതിന് മുകളിലുളള അധികാരികള്‍ക്കും ആരെയും വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടാന്‍ AFSPO അധികാരം നല്‍കുന്നു. അക്കാലത്ത് രാജഭരണത്തിനു കീഴിലായിരുന്ന മണിപ്പൂര്‍ ഈ നിയമത്തിന്‍റെ പരിധിയിലുണ്ടായിരുന്നില്ല. എന്നാല്‍ ഈ നിയമത്തിന്‍റെ ഇന്ത്യന്‍ പതിപ്പായ AFSPA(Armed Forses Special Powers Act) സൃഷ്ടിച്ച ദുരന്തങ്ങള്‍ മണിപ്പൂര്‍ ഇപ്പോഴും അനുഭവിക്കുന്നു." - സുബിന്‍ കേരളവാച്ച്.കോമില്‍ എഴുതിയ നിങ്ങളറിയുമോ ഇറോം ശര്‍മ്മിളയെ? എന്ന ലേഖനത്തില്‍ നിന്നും
പന്തമേന്തിയ പെണ്ണുങ്ങള്‍ എന്ന പേരില്‍ ഇറോം ശര്‍മ്മിളയുടെ ജീവിതത്തേയും സമരത്തേയും ആധാരമാക്കിയ മനോഹരമായ നാടകത്തിലൂടെയാണു് ഈ യാത്ര ജനങ്ങളോടു് സംവദിയ്ക്കുന്നതു്. താനിയ മലയാളത്തിലും ഓജസ് ഹിന്ദിയിലും ഈ നാടകം അവതരിപ്പിയ്ക്കുന്നു.
റയില്‍ മാര്‍ഗ്ഗമുള്ള ഈ യാത്ര കടന്നു് പോകുന്ന സ്ഥലങ്ങള്‍
May 8, 2010: Chertala, Kerala May 9, 2010: Bangalore, Karnataka May 10, 2010: Chennai, Tamil Nadu May 11, 2010: Vijaywada, Andhra Pradesh May 13,2010: Pune, Maharashtra May 15,2020: Bhopal, Madhya Pradesh May 16, 2010 Delhi May 18, 2010: Kolkotta, West Bengal May 20, 2010: Gauhati, Assam May 21/22, 2010 Imphal, Manipur
സര്‍ക്കാറിന്റെ കണ്ണു് തുറപ്പിയ്ക്കാനുള്ള ഈ പരിശ്രമത്തില്‍ നിന്നും ജനാധിപത്യത്തില്‍ വിശ്വസിയ്ക്കുന്ന ആര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. ഈ സമരത്തിനുള്ള പിന്തുണ സര്‍ക്കാറിനെ എഴുതി അറിയിയ്ക്കാന്‍ താത്പര്യപ്പെടുന്നു.
ഹിന്ദ് സ്വരാജ് പീസ് മാര്‍ച്ചിനോടനുബന്ധിച്ചിറക്കിയ ലഘുലേഖ താഴെ കൊടുക്കുന്നു
"ഭീകരപ്രവര്‍ത്തകരോടു് പോലും ചര്‍ച്ചകള്‍ക്കു് സന്നദ്ധത പ്രകടിപ്പിയ്ക്കുന്ന സര്‍ക്കാര്‍ ഹിന്ദ് സ്വരാജിന്റെ ശതാബ്ദി വര്‍ഷത്തില്‍ അക്രമരഹിത സമരങ്ങളോടുള്ള നിശബ്ദത അവസാനിപ്പിയ്ക്കുക"
മണിപ്പൂരില്‍ പട്ടാളം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു് എതിരെ ഒരു ദശകത്തിലേറെയായി അക്രമസമരം നടത്തുന്ന ഇറോം ശര്‍മ്മിളയ്ക്കു് പിന്തുണയുമായി
ഹിന്ദ്സ്വരാജ് പീസ് മാര്‍ച്ച്
ചേര്‍ത്തല മുതല്‍ ഇംഫാല്‍ വരെ 2010 മെയ് 8 - 27
ഹിന്ദ് സ്വരാജ് ശതാബ്ദി സമിതി
മാന്യരേ, ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന Armed Forces Special Powers Act (AFSPA-1958) ആ മേഖലയില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു് വഴിവച്ചിരിയ്ക്കുന്നു. പട്ടാളം സാധാരണ ജനങ്ങളുടെ പ്രത്യേകിച്ചും സ്ത്രീകളുടെ നേരെ നടത്തുന്ന ക്രൂരതകള്‍ ഏറെ പ്രതിഷേധങ്ങള്‍ക്കു് കാരണമായിട്ടുണ്ടു്. പീഢനങ്ങള്‍ക്കിരയാവുന്നവര്‍ക്കു് പരാതിപ്പെടാനുള്ള അവസരം പോലും നിഷേധിയ്ക്കുന്ന പ്രസ്തുത നിയമം പിന്‍വലിയ്ക്കുമെന്നു് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നിരവധി തവണ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും AFSPA ഇപ്പോഴും നിലനില്‍ക്കുന്നു.
സ്വന്തം ജനത അനുഭവിയ്ക്കുന്ന ക്രൂരതകള്‍ കണ്ടു് സഹിയ്ക്കാനാവാതെയാണു് പത്തു് വര്‍ഷം മുമ്പു് മണിപ്പൂരി കവയത്രി ഇറോം ശര്‍മ്മിള ഉപവാസ സത്യാഗ്രഹം ആരംഭിച്ചതു്. ഉപവാസം മൂലം അവശനിലയില്‍ ആകുമ്പോള്‍ സര്‍ക്കാര്‍ അവരെ അറസ്റ്റു് ചെയ്തു് മൂക്കിലൂടെ ട്യൂബിട്ടു് ബലമായി ഭക്ഷണം നല്‍കുന്നു. പോലീസ് കസ്റ്റടിയില്‍ നിന്നും മോചിതയാകുന്ന നിമിഷം ഇറോം ശര്‍മ്മിള വീണ്ടും ഉപവാസം ആരംഭിയ്ക്കും. ഇതു് പത്തു് വര്‍ഷമായി തുടരുന്നു. ഈ അക്രമരാഹിത്യ പോരാട്ടം ഇന്നു് ലോകമെങ്ങും ശ്രദ്ധിയ്ക്കപ്പെടുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇറോം ശര്‍മ്മിളയോടു് ചര്‍ച്ചയ്ക്കു് തയ്യാറാകുന്നില്ല. AFSPA പിന്‍വലിയ്ക്കാനുള്ള നടപടികള്‍ സ്വീകരിയ്ക്കുന്നുമില്ല. അതേസമയം തോക്കും ബോംബുമായി നിരപരാധികളെ കൊല ചെയ്യുന്ന ഭീകരപ്രവര്‍ത്തകരുമായി ചര്‍ച്ചകള്‍ക്കു് തയ്യാറാണെന്നു് പ്രഖ്യാപിയ്ക്കുന്ന സര്‍ക്കാര്‍ അക്രമരഹിത സമരങ്ങോടു് പുലര്‍ത്തുന്ന ഈ കുറ്റകരമായ നിശബ്ദത ചോദ്യം ചെയ്യപ്പെടേണ്ടതാണു്.
ഈ പശ്ചാത്തലത്തിലാണു് പ്രതിരോധ മന്ത്രി എകെ ആന്റണിയുടെ നാടായ ചേര്‍ത്തലയില്‍ നിന്നു്, ഏറ്റവും തീഷ്ണമായ അക്രമരഹിത പോരാട്ടത്തിന്റെ വേദിയായ ഇംഫാലിലേയ്ക്കു് ഒരു അഭിവാദ്യയാത്ര സംഘടിപ്പിച്ചിരിയ്ക്കുന്നതു്. അക്രമരഹിത സമരമുറയുടെ ഉപജ്ഞാതാവായ ഗാന്ധിജി എഴുതിയതും അഹിംസാത്മക ജീവിതത്തിന്റെ ദാര്‍ശനികമായ അടിത്തറ വിശദീകരിയ്ക്കുന്ന ഗ്രന്ഥവുമായ ഹിന്ദ്സ്വരാജിന്റെ ശതാബ്ദി പരിപാടി കാണുന്ന ഭാഗമായാണു് ഈ യാത്ര സംഘടിപ്പിയ്ക്കുന്നതു്. ഹിന്ദ്സ്വരാജ് പീസ് മാര്‍ച്ച് എന്നു് നാമകരണം ചെയ്തിട്ടുള്ള ഈ യാത്ര സംഘടിപ്പിച്ചിരിയ്ക്കുന്നതു് ഹിന്ദ്സ്വരാജ് ശതാബ്ദി സമിതിയാണു്.
2010 മെയ് 8 നു് ചേര്‍ത്തലയില്‍ ഹിന്ദ്സ്വരാജ് പീസ് മാര്‍ച്ച് തുടങ്ങി ബാംഗ്ലൂര്‍, ചെന്നൈ, വിജയവാഡ, പൂനെ, ഭോപ്പാല്‍, ന്യൂഡല്‍ഹി, കല്‍ക്കട്ട, ഗുവാഹട്ടി തുടങ്ങിയ സ്ഥലങ്ങളില്‍ ഇറങ്ങി മെയ് 23 നു് ഇംഫാലില്‍ നിന്നും മടങ്ങുന്ന യാത്രാസംഘം മെയ് 27 നു് കേരളത്തില്‍ തിരിച്ചെത്തുന്നു.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ആഭിമുഖ്യത്തില്‍ ഈ ആഴ്ച പൂനെയിലും അടുത്ത ആഴ്ച തിരുവനന്തപുരത്തും പ്രാദേശികവത്കരണ ക്യാമ്പുകള്‍ സംഘടിപ്പിയ്ക്കുന്നു. പ്രാദേശികവത്കരണത്തിന്റെ ഇന്നത്തെ അവസ്ഥയും വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതോടൊപ്പം പുതിയ പ്രവര്‍ത്തകരെ പ്രാദേശികവത്കരണ പ്രക്രിയയിലേയ്ക്കു് കൈ പിടിച്ചുയര്‍ത്തുവാനും ഇത്തരം ക്യാമ്പുകള്‍ ലക്ഷ്യമിടുന്നു. കോഴിക്കോട് എന്ഐടിയിലുംദേവഗിരി കോളേജിലും വച്ചു് നടന്ന ക്യമ്പുകളുടെ തുടര്‍ച്ചയാണിവ. കേരളത്തിലെല്ലായിടത്തും ഇത്തരം ക്യാമ്പുകള്‍ നടത്തുവാന്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ലക്ഷ്യമിടുന്നു. നിങ്ങളുടെ ഗ്രാമത്തില്‍/നഗരത്തില്‍/കോളേജില്‍/സ്കൂളില്‍ ഇതു പോലെ ക്യാമ്പുകള്‍ നടത്താന്‍ ആഗ്രഹിയ്ക്കുന്നെങ്കില്‍ ഞങ്ങളുമായി ബന്ധപ്പെടാം.
സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പരിഭാഷാ പ്രക്രിയകളും പരിഭാഷയ്ക്കായുപയോഗിയ്ക്കാവുന്ന സോഫ്റ്റ്‌വെയറുകളും പരിഭാഷാ വിലയിരുത്തല്‍ രീതികളും ക്യാമ്പില്‍ വിശദീകരിയ്ക്കുന്നതാണു്. ഈ യജ്ഞത്തില്‍ പങ്കാളികളാകാനാഗ്രഹിയ്ക്കുന്ന എല്ലാവരേയും സാങ്കേതികമായി തയ്യാറാക്കുക എന്നാണു് ക്യാമ്പിന്റെ നടത്തിപ്പുകാര്‍ ആഗ്രഹിയ്ക്കുന്നതു്. സ്വതന്ത്ര സേഫ്റ്റ്‌വെയറുകളായ മോസില്ല ഫയര്‍ഫോക്സ്, ഓപ്പണ്‍ഓഫീസ് തുടങ്ങിയവയും ഗ്നു/ലിനക്സിലെ ഗ്നോം, കെഡിഇ തുടങ്ങിയവയും ഇപ്പോള്‍ തന്നെ മലയാളത്തില്‍ ലഭ്യമാണു്. മുകലില്‍ നല്‍കിയ കണ്ണികള്‍ സന്ദര്‍ശിച്ചു് ഈ ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ നിങ്ങളുടെ പേരുകള്‍ നല്‍കാവുന്നതാണു്.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ചു്
"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അടിസ്ഥാനമാക്കി കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടമാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്." കൂടുതല്‍ വിവരങ്ങള്‍ http://wiki.smc.org.in/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണു്.
ന്യൂദല്‍ഹി: മാവോവാദിയെന്ന് ആരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി ഛത്തീസ്ഗഢ് ഗവണ്‍മെന്റ് ജയിലിലടച്ച സാമൂഹികപ്രവര്‍ത്തകനും പി.യു.സി.എല്‍ വൈസ്പ്രസിഡന്റുമായ ഡോ. ബിനായക്സെന്നിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ദീപക് വര്‍മ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് രണ്ടു വര്‍ഷമായി റായ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 59കാരനായ സെന്നിന് ജാമ്യം അനുവദിച്ചത്. ഹൃദ്രോഗബാധിതനായതിനാല്‍ ചികില്‍സക്കും മറ്റുമായി ജാമ്യം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ശാന്തിഭൂഷണ്‍ നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഛത്തീസ്ഗഢ് സര്‍ക്കാറിന് ഈ മാസം നാലിന് സുപ്രീംകോടതി നോട്ടീസ് നല്‍കി. ആവശ്യമായ വൈദ്യസഹായം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാരോപിച്ച് 2007 മെയ് 14നാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ സെന്നിനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. നക്സല്‍ അതിക്രമങ്ങളെ നേരിടാനെന്ന പേരില്‍ ഛത്തീസ്ഗഢ് സര്‍ക്കാറിന്റെ ഒത്താശയോടെ രൂപംകൊണ്ട സല്‍വാജുദൂം എന്ന സായുധഗ്രൂപ്പിന്റെ ക്രൂരകൃത്യങ്ങള്‍ പുറം ലോകത്തെ അറിയിച്ചതിനുള്ള പ്രതികാരമായിരുന്നു ഇത്. നക്സലുകളെ നേരിടാന്‍ സാധാരണക്കാര്‍ക്ക് ആയുധം നല്‍കുന്നതിനെതിരെ ഡോ. സെന്‍ ആദിവാസികളില്‍ ശക്തമായ ബോധവത്കരണം നടത്തി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തടവിലിട്ടാണ് ഭരണകൂടം ഇതിനോട് പ്രതികരിച്ചത്. മാവോവാദികളെ നേരത്തേതന്നെ തള്ളിപ്പറഞ്ഞിട്ടും മാവോയിസ്റ്റുകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന പേരില്‍ ഛത്തീസ്ഗഢ് സ്പെഷല്‍ പബ്ലിക് സെക്യൂരിറ്റി ആക്ട് എന്ന കരിനിയമത്തിന്‍ കീഴില്‍ ജാമ്യമില്ലാവകുപ്പുകളാണ് അദ്ദേഹത്തിന്റെ മേല്‍ ചുമത്തിയത്.
മികച്ച ശിശുരോഗ വിദഗ്ധനായ സെന്‍ ആദിവാസിമേഖലകളില്‍ പൊതുജനാരോഗ്യരംഗത്ത് സേവനപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍കോളജില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ സ്വര്‍ണമെഡലോടെയാണ് ഡോ. സെന്‍ ബിരുദമെടുത്തത്. ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയുടെ സെന്റര്‍ ഫോര്‍ സോഷ്യല്‍ മെഡിസിന്‍ വിഭാഗം മേധാവി സ്ഥാനം രാജിവെച്ചാണ് ഭാര്യ ഇലിനക്കൊപ്പം സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടെ ആരോഗ്യ രക്ഷാപ്രവര്‍ത്തനത്തിനു ഇറങ്ങിത്തിരിച്ചത്. സ്തുത്യര്‍ഹമായ സേവനത്തിന് അഞ്ചുവര്‍ഷം മുമ്പ് വെല്ലൂര്‍ മെഡിക്കല്‍കോളജ് അദ്ദേഹത്തെ പോള്‍ ഹാരിസണ്‍ മെഡല്‍ നല്‍കി ആദരിച്ചു.
140 രാജ്യങ്ങളിലുള്ള പൊതുജനാരോഗ്യസംഘടനകള്‍ ചേര്‍ന്ന് രൂപവത്കരിച്ച വാഷിംഗ്ടണ്‍ ആസ്ഥാനമായ ഗ്ലോബല്‍ മെഡിക്കല്‍ കൌണ്‍സില്‍ കഴിഞ്ഞവര്‍ഷം വൈദ്യസേവനത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനുമുള്ള അത്യുന്നത പുരസ്കാരമായ ജോനാഥന്‍ മന്‍ അവാര്‍ഡിന് സെന്നിനെ തെരഞ്ഞെടുത്തു. ആ അവാര്‍ഡ് വാഷിംഗ്ടണില്‍ ചെന്ന് സ്വീകരിക്കുന്നതിന് ഡോ. സെന്നിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ലോകപ്രശസ്തരായ 22 നോബല്‍ജേതാക്കള്‍ ഛത്തീസ്ഗഢ്, കേന്ദ്രഗവണ്‍മെന്റുകളോട് ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത് നിരാകരിക്കപ്പെട്ടു. അദ്ദേഹത്തിനുവേണ്ടി പ്രമുഖ അഭിഭാഷകന്‍ രാംജത്മലാനി അടക്കമുള്ളവര്‍ പലതവണ സമീപിച്ചിട്ടും ഛത്തീസ്ഗഢ് ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. വിചാരണ തടവുകാരനായി രണ്ടു വര്‍ഷം പൂര്‍ത്തിയായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ലോകവ്യാപകമായി പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു.
സെന്നിന് ജാമ്യം ലഭിച്ച വാര്‍ത്തയറിഞ്ഞ് ഭാര്യ ഇലിനയും മകള്‍ പ്രഞ്ജിതയും മുംബൈയില്‍ നിന്ന് റായ്പൂരിലേക്ക് തിരിച്ചു. കോടതി നീതിയുടെ കൂടെ നിന്നുവെന്നും സെന്നിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ് ആദ്യശ്രമമെന്നും ഇലിന പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സെന്നിന്റെ വിമോചനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്.
സെന്നിന്റെ മോചനം: പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് മലയാളി എഞ്ചിനീയര്‍ കൊച്ചി: കരിനിയമത്തിന്റെ മറവില്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ കാരിരുമ്പഴിക്കുള്ളിലടച്ച ജനകീയ ഡോക്ടര്‍ ബിനായക് സെന്നിന് രണ്ടുവര്‍ഷത്തെ ജയില്‍വാസത്തിനൊടുവില്‍ ജാമ്യം നേടാന്‍ വഴിയൊരുക്കിയതില്‍ മലയാളി പങ്കാളിത്തവും. ജനകീയ പ്രവര്‍ത്തകരെ അമര്‍ച്ച ചെയ്യുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥക്കെതിരെ മലയാളി പൊതു സമൂഹം നിസ്സംഗത പുലര്‍ത്തിയപ്പോള്‍ ഐ.ടി വിദഗ്ധനും സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകനുമായ തൃശൂര്‍ അവണൂര്‍ എടക്കുളം സ്വദേശി അനിവര്‍ അരവിന്ദും സംഘവും ഈ അവകാശ ലംഘനത്തിനെതിരെ രംഗത്തിറങ്ങുകയായിരുന്നു.
ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് സോഫ്റ്റ്വെയര്‍ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം വിവിധ മെയിലിംഗ് ലിസ്റ്റുകള്‍ വഴി അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളും മനുഷ്യാവകാശ ലംഘനങ്ങളും പുറംലോകത്തെ അറിയിച്ചു. ഇതിന് www.binayaksen.netഎന്ന വെബ്സൈറ്റും ബ്ലോഗുകളും ആരംഭിച്ചു. ചുരുങ്ങിയ കാലം കൊണ്ട് 14 ലക്ഷത്തോളം പേര്‍ സന്ദര്‍ശിച്ച ഈ സൈറ്റുവഴിയാണ് ലോകമെമ്പാടുമുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ ബിനായക്സെന്‍ വിഷയത്തില്‍ ആശയവിനിമയം നടത്തിയിരുന്നത്.
അറസ്റ്റിന് മുമ്പ് ബിനായക് സെന്നുമായി ഒരുപരിചയവും തനിക്കില്ലായിരുന്നെന്ന് അനിവര്‍ പറയുന്നു. കവിതാ ശ്രീവാസ്തവ, ശുക്ലാസെന്‍, ചാന്ദ്നി പരേഖ് തുടങ്ങിയ പൌരാവകാശ^മാധ്യമ രംഗത്തെ സുഹൃത്തുക്കള്‍ വഴിയാണ് സെന്നിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയുന്നത്. അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി നോംചോംസ്കി അടക്കം നാനാഭാഗത്തുനിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശ്രമം ഫലം കാണാതായതോടെയാണ് കാമ്പയിന്‍ രീതികളില്‍ മാറ്റം വരുത്തണമെന്ന് ബോധ്യമായത്.
വെബ്സൈറ്റിന്റെ മേല്‍നോട്ടത്തില്‍ എഡിറ്ററുടെ റോളായിരുന്നു തനിക്കെന്ന് അരവിന്ദ് പറയുന്നു.ഇതിന്റെ പേരില്‍ തനിക്ക് ഭീഷണിയോ ദേഹോപദ്രവമോ ഏല്‍ക്കേണ്ടി വന്നിട്ടില്ല. എന്നാല്‍, സെന്നിന്റെ മോചനത്തിന് പ്രചാരണം നടത്തിയ സിനിമാ പ്രവര്‍ത്തകന്‍ അജയ് ടി.ജി യെ കേസില്‍ കുടുക്കി ജയിലിലടച്ചു. ജാവേദ് ഇഖ്ബാല്‍ എന്ന ഫോട്ടോഗ്രാഫറെ ക്രൂരമായി മര്‍ദിച്ചു. മറ്റു പല ആക്ടിവിസ്റ്റുകള്‍ക്കും ഭീഷണികളുമുണ്ടായി. ബിനായക് സെന്നിന് ജാമ്യം ലഭിച്ചെങ്കിലും കരിനിയമത്തിന്റെ മറവില്‍ ചുമത്തിയ കള്ളക്കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സെന്നിനെ പൂര്‍ണമായി കുറ്റവിമുക്തനാക്കണമെന്നും ഭരണകൂടഭീകരത തുടച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനമെന്ന് അനിവര്‍ പറഞ്ഞു. ഇഖ്ബാല്‍ ചേന്നര
അമേരിക്കന്‍ കാര്‍ട്ടുണിസ്റ്റും അനിമേറ്ററുമായ നീന പാലിയുടെ 'Sita Sings The Blues' എന്ന കാര്‍ട്ടൂണ്‍ സിനിമ മാര്‍ച്ച് 7 നു് ഇന്റര്‍നെറ്റിലൂടെ പുറത്തിറങ്ങുന്നു. ക്രിയേറ്റീവ് കോമണ്‍സ് ഷെയര്‍ അലൈക്ക് പ്രകാരം ആര്‍ക്കും പകര്‍ത്താനും പങ്കുവെയ്ക്കാനും മാറ്റം വരുത്താനും വിതരണം ചെയ്യാനുമുള്ള അനുമതികളോടെയാണിതു് വരുന്നതെന്നാണു് ഇതിന്റെ പ്രത്യേകത.
തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കും ഈ കഥയില്‍ പ്രാധാന്യത്തോടെ വരുന്നുണ്ടു്. തന്റെ ഭര്‍ത്താവു് ഒരു ഇമെയിലയച്ചു് ബന്ധം അവസാനിപ്പിച്ചതോടെ നിരാശയായ നീന പാലി രാമായണത്തില്‍ ആശ്വാസം കണ്ടെത്തുന്നു. രാമായണത്തിലെ സീതയുടെ അനുഭവവുമായുള്ള തന്റെ ജീവിതത്തിലെ സാമ്യം തന്റെ കഥയും രാമായണത്തിലെ സീതയുടെ അവസ്ഥയും കൂട്ടിക്കലര്‍ത്തി സിനിമയെടുക്കുവാന്‍ അവരെ പ്രേരിപ്പിയ്ക്കുന്നു.
മൂന്നു് വര്‍ഷത്തോളം ഒറ്റയ്ക്കു് പ്രയത്നിച്ചാണു് അവര്‍ സിനിമ പൂര്‍ത്തിയാക്കിയതു്. നിഴല്‍ പാവകള്‍ തമ്മിലുള്ള സംഭാഷണമായും ആനറ്റ് ഹാന്‍ഷായുടെ പാട്ടുകളുടേയും സഹായത്തോടെയുമാണു് അവര്‍ കഥ പറയുന്നതു്. ഇതിലുപയോഗിച്ച പാട്ടുകള്‍ 1920 ല്‍ പാടിയതും പൊതു സ്വത്തായി മാറിയതുമാണെങ്കിലും ഗാന രചന തുടങ്ങി ചില വശങ്ങള്‍ ഇപ്പോഴും പകര്‍പ്പവകാശ പരിധിയ്ക്കുള്ളിലാണു്. 220,000 അമേരിക്കന്‍ ഡോളറാണു് (ഒരു കോടിയോളം രൂപ) പകര്‍പ്പവകാശം കൈവശമുള്ളവര്‍ ആദ്യം ചോദിച്ചതു് (പിന്നീടതു് 50,000 അമേരിക്കന്‍ ഡോളറായി കുറച്ചു). ഒരു വിതരണക്കാരുമില്ലാത്തതിനാല്‍ അവര്‍ക്കതു് കൊടുക്കാന്‍ സാധിച്ചില്ല.
സിനിമ പുറത്തിറക്കുന്നതിനു് മുമ്പു് തന്നെ ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിയ്ക്കാവുന്നതു് കൊണ്ടു് അവര്‍ തന്റെ സിനിമയും കൊണ്ടു് പല ഫെസ്റ്റിവലുകളില്‍ കറങ്ങി. ഫ്രാന്‍സിലെ ആനസി അന്താരാഷ്ട്ര അനിമേഷന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല സിനിമയായും ബെര്‍ലിന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ശ്രദ്ധയര്‍ഹിയ്ക്കുന്ന സിനിമയായും തെരഞ്ഞെടുക്കപ്പെട്ടു.
സിനിമാ നിര്‍മ്മാണത്തിന്റെ പുതിയ വഴിയിലൂടെയാണു് പിന്നീടു് ഈ സംരംഭം കടന്നു് പോയതു്. ഇന്റര്‍നെറ്റ് വഴിയുള്ള സംഭാവനകള്‍ വഴിയാണു് (മുഴുവന്‍ പണവും കിട്ടുന്നതിനു് മുമ്പു് തന്നെ പണം കടം വാങ്ങിയാണു്) പാട്ടുകളുടെ ഉപയോഗത്തിനുള്ള അവകാശം നേടിയെടുത്തതു് . ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ എനിയ്ക്കും അതിയായ സന്തോഷമുണ്ടു്. നിങ്ങള്‍ക്കും ഈ സംരംഭത്തിലേയ്ക്കു് സംഭാവന നല്‍കാം.
കഴിഞ്ഞ ആഴ്ച തന്നെ എനിയ്ക്കു് ഫെസ്റ്റിവലുകളില്‍ ഉപയോഗിച്ച പതിപ്പിന്റെ ഡിവിഡി കിട്ടിയിരുന്നു. സിനിമ എനിയ്ക്കിഷ്ടമായി, പാട്ടുകള്‍ പൂര്‍ണ്ണമായി മനസ്സിലായില്ലെങ്കില്‍ കൂടി. കഥയോടൊപ്പം തന്നെ മൂന്നു് ഇന്ത്യക്കാര്‍ തമ്മിലുള്ള ഇതിലെ സംഭവങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും ഉള്‍പ്പെടുത്തിയിട്ടുണ്ടു്.
അമേരിക്കന്‍ പകര്‍പ്പാവകാശ നിയമം സര്‍ക്കാര്‍ വകയായ ടിവി ചാനലുകള്‍ക്കു് പകര്‍പ്പാവകാശ നിയമത്തില്‍ ഇളവു് നല്‍കിയതു് കാരണം ഈ വരുന്ന മാര്‍ച്ച് 7 നു് ന്യൂ യോര്‍ക്ക് നഗരത്തിലെ ഡബ്ലിയുനെറ്റ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ടു്. ആ ദിവസം തന്നെ ഡിവിഡി പതിപ്പു് ലഭ്യമാക്കാനാണു് ഇപ്പോള്‍ ലക്ഷ്യമിട്ടിരിയ്ക്കുന്നതു്.
ഡിവിഡി പതിപ്പിറങ്ങുന്നതിനു് മുമ്പു് തന്നെ കമ്പ്യൂട്ടറില്‍ കാണാവുന്ന പല വലിപ്പത്തിലുള്ള ഡിജിറ്റല്‍ പതിപ്പുകള്‍ ഇവിടെ ലഭ്യമാണു്. പൈറസിയെക്കുറിച്ചു് പേടിയില്ലാതെ ഇന്നു തന്നെ ഇതിന്റെ പകര്‍പ്പുകള്‍ നിങ്ങള്‍ക്കും വിതരണം ചെയ്യാം.
ഡൌണ്‍ലോഡ് ചെയ്യൂ!! കണ്ടാസ്വദിയ്ക്കൂ!! പകര്‍ത്തി വിതരണം ചെയ്യൂ!! ഏറ്റവും പ്രധാനമായി ഈ സിനിമയെക്കുറിച്ചുള്ള വിവരം എല്ലാവരുമായി പങ്കിടൂ.
എന്താണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍? എന്ന തലക്കെട്ടോടെ പ്രതീഷ് പ്രകാശ് എഴുതിയ കുറിപ്പിനെക്കുറിച്ചുള്ള ചര്‍ച്ച കണ്ടപ്പോഴാണു് ഇങ്ങനെ ഒരു കുറിപ്പെഴുതാനുള്ള പ്രചോദനമുണ്ടായതു്.
1, സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഡവലപ് ചെയ്യുന്നത് ആരാണ്? ഫ്രീ ആയി കിട്ടുന്ന മിക്ക സ്വതന്ത്ര സോഫ്റ്റ്വെയറുകളും ഉപയോഗിക്കുമ്പോള്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ആരാണ് ഉത്തരവാദി?
സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വികസനം എന്നതു് പലര്‍ക്കും പരിചിതമായിട്ടുള്ള കുത്തക സോഫ്റ്റ്‌വെയറില്‍ നിന്നും വളരെ വ്യത്യസ്തമാണു്. അതു് കൊണ്ടു് തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചു് പണം സമ്പാദിയ്ക്കുന്ന രീതിയും വ്യത്യസ്തമാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തുടങ്ങിയ കാലത്തു് എല്ലാവരും സ്വന്തം ഇഷ്ടത്തിന്റേയും അറിവു് സ്വതന്ത്രമാകണം എന്ന വിശ്വാസത്തിന്റേയും പുറത്തു് മാത്രം സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ രചിച്ചിരുന്നതില്‍ നിന്നും നമ്മള്‍ വളരെ മുന്നോട്ടു് വന്നിരിയ്ക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രചയിതാക്കളില്‍ കൂടുതല്‍ പേര്‍ക്കും ഇന്നും അതേ പ്രചോദനമാണെങ്കിലും സ്വന്തം ജോലിയുടെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ എഴുതുകയും അവ ഉപയോഗിയ്ക്കാനും മാറ്റിയെഴുതാനും പിന്തുണ നല്‍കുകയും ചെയ്യുന്നവരുടേയും എണ്ണം ഇന്നു് വളരെയധികം കൂടിയിരിയ്ക്കുന്നു. റെഡ് ഹാറ്റ്, നോവല്‍, കാനോനിക്കല്‍ തുടങ്ങി പ്രധാനമായും സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ പ്രവര്‍ത്തിയ്ക്കുന്ന കമ്പനികള്‍ മുതല്‍ സണ്‍ മൈക്രോസിസ്റ്റംസ്, ഐബിഎം, എച്ച്പി തുടങ്ങി പല കമ്പനികളും ഇന്നു് സ്വതന്ത്ര സേഫ്റ്റ്‌വെയര്‍ രംഗത്തു് ജോലി നല്‍കുന്നവരാണു്. പല രാജ്യക്കാരും വര്‍ഗ്ഗക്കാരും നിറക്കാരുമായ ഹാക്കര്‍മാരും (ക്രാക്കറല്ല) പല സ്ഥാപനങ്ങളിലും സംഘടനകളിലും ജോലി ചെയ്യുന്നവരും വിദ്യാര്‍ത്ഥികളും ഗവേഷകരും പരിഭാഷ മുതല്‍ സഹായക്കുറിപ്പുകളെഴുതുന്ന സാധാരണക്കാര്‍ വരെയുള്ള പലരുടേയും കൂട്ടായ പ്രയത്നത്തിന്റെ ഫലമായാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിയ്ക്കപ്പെടുന്നതു്.
നിങ്ങള്‍ തെരഞ്ഞെടുക്കുന്ന തരത്തിലുള്ള പിന്തുണ ലഭ്യമാണു്. റെഡ് ഹാറ്റ്, നോവല്‍, കാനോനിക്കല്‍ മുതലുള്ള കമ്പനികള്‍ നേരിട്ടും എച്ച്പി, ഡെല്‍, സണ്‍, അസൂസ് മുതലായവര്‍ അവരുടെ ഹാര്‍ഡ്‌വെയറിനൊപ്പവും സ്വതന്ത്ര സോഫ്റ്റ്‌വെയറിനുള്ള പിന്തുണ നല്‍കുന്നു. നിങ്ങളുടെ സ്ഥലത്തു് ആളുകള്‍ വന്നു് ശരിയാക്കി തരാന്‍ പണം കൂടുമെങ്കിലും ടെലിഫോണ്‍ ഇമെയില്‍ തുടങ്ങിയ മാധ്യമങ്ങളുപയോഗിച്ചു് വ്യത്യസ്ത വരിസംഖ്യ മുടക്കി പിന്തുണ ലഭ്യമാക്കാം. അല്ലെങ്കില്‍ ഇന്റര്‍നെറ്റിലെ പല ചര്‍ച്ചാ വേദികളും ഐആര്‍സി (ഇന്റര്‍നെറ്റ് റിലേ ചാറ്റ്) വഴി തത്സമയ സഹായവും നിങ്ങളുടെ പ്രാദേശിക ഉപയോക്താക്കളുടെ സംഘങ്ങില്‍ നിന്നുള്ള പിന്തുണ വരെ പല രൂപത്തില്‍ ഇതു് ലഭ്യമാണു്. നിങ്ങളുടെ തൊട്ടടുത്ത സ്കൂളിലെ അധ്യാപകരോ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളോ നിങ്ങളെ സഹായിച്ചേയ്ക്കാം. ഉത്തരവാദിത്തത്തിന്റെ കാര്യമാണെങ്കില്‍ മുകളില്‍ പറഞ്ഞ കമ്പനികള്‍ നിങ്ങളുമായുള്ള കരാര്‍ പ്രകാരമുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറായേയ്ക്കാം. ഉദാഹരണത്തിനു് റെഡ് ഹാറ്റിന്റെ കരാര്‍ വിവരങ്ങള്‍ ഇവിടെ നോക്കൂ. ഗുരുതരമായ പ്രശ്നങ്ങള്‍ക്കു് ഒരു മണിക്കൂറിനുള്ളില്‍ (24x7) വരെ മറുപടി തരുന്ന കരാറുകള്‍ വരെ ലഭ്യമാണു്. നിങ്ങള്‍ക്കുത്തരം കിട്ടിയില്ലെങ്കില്‍ കോടതിയില്‍ നഷ്ടപരിഹാരത്തിനു് കേസു് കൊടുക്കാവുന്ന തരത്തിലുള്ള കരാര്‍. ഇതു് പോലെ മറ്റു് പല കമ്പനികളും സേവനങ്ങളും വാറണ്ടിയും നല്‍കുന്നു.
2, സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നു എന്നല്ലാതെ 99% ആളുകള്‍ക്കും അതിന്റെ ഉള്ളുകള്ളികള്‍ അറിയാതിരിക്കുന്നിടത്തോളം ആരു് എന്തു് മാറ്റം വരുത്തി ഉപയോഗിക്കും എന്നാണ് വിചാരിക്കുന്നത്?
സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുന്നവരിലെ 1% തന്നെ വലിയൊരു സംഖ്യയാണു്. നിങ്ങള്‍ ആഗ്രഹിയ്ക്കുന്ന മാറ്റങ്ങള്‍ തന്നെ ആ 1% ആളുകളിലാര്‍ക്കെങ്കിലും ആവശ്യമുള്ളതാണെങ്കില്‍ അവര്‍ വരുത്തുന്ന മാറ്റങ്ങള്‍ അടുത്ത പതിപ്പിലൂടെ നിങ്ങള്‍ക്കു് ലഭ്യമാകും. അല്ലെ ഇനി ഇതു് വരെ ആ സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കാത്ത ആരും ചിന്തിയ്ക്കാത്ത/ആര്‍ക്കും ആവശ്യമില്ലാത്ത മാറ്റമാണെങ്കില്‍ ആ സോഫ്റ്റ്‌വെയറിന്റെ രചയിതാക്കളോടിതു് ചെയ്തു് തരാന്‍ പറയാം. ഇതേ ആവശ്യമുള്ള മറ്റുള്ളവരെ ഇന്റര്‍നെറ്റില്‍ കാണുകയാണെങ്കില്‍ അവരോടൊപ്പം ചേര്‍ന്നു് (വെറെ ആര്‍ക്കും ആവശ്യമില്ലെങ്കില്‍ സ്വന്തമായും) ഇതു് ചെയ്യാന്‍ കോഡെഴുത്തറിയുന്ന ആരെയെങ്കിലും ഏല്‍പ്പിയ്ക്കാം. കുത്തക സോഫ്റ്റ്‌വെയറിലാണെങ്കില്‍ ഇതു് ചെയ്തു് തരാന്‍ അവരോടപേക്ഷിയ്ക്കാം എന്നാല്ലാതെ വേറെ ഒരു വഴിയും നിങ്ങളുടെ മുമ്പിലില്ല.
3, ഒരു പെയ്ഡ് സോഫ്റ്റ്വെയര്‍ ഇറക്കി മാസങ്ങള്‍ കഴിയുമ്പോള്‍ അതിന്റെ അതേ സ്വഭാവത്തിലുള്ള സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഇറക്കുന്നു എന്നതല്ലാതെ ഇന്നുവരെ എന്തു് ഉല്പന്നമാണ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ നിര്‍മ്മാണം കൊണ്ട് പുറത്തുവന്നിട്ടുള്ളത്?
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ലക്ഷ്യം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിച്ചു് കമ്പ്യൂട്ടര്‍ ഉപയോഗിയ്ക്കുവാന്‍ എല്ലാവരേയും പ്രാപ്തരാക്കുക എന്നതാണു്. ഒരു ഉത്പന്നമുണ്ടാക്കി അതു് വില്‍ക്കുക എന്ന കുത്തക സോഫ്റ്റ്‌വെയറുകളുടെ രീതിയില്‍ നിന്നും വ്യത്യസ്തമായി സ്വന്തം ആവശ്യത്തിനുള്ള സോഫ്റ്റ്‌വെയര്‍ എഴുതുക എന്നതാണു് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രധാന രീതി. കുത്തക സോഫ്റ്റ്‌വെയറുകള്‍ വളരെ ജനപ്രീയമായ ഒരു സന്ദര്‍ഭത്തില്‍ വന്നതു് കൊണ്ടു് തന്നെ ആ ജോലികളെല്ലാം സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ ചെയ്യാന്‍ സാധ്യമാകുക എന്നതു് വളരെ പ്രധാനപ്പെട്ടൊരു ലക്ഷ്യമാണു്. എന്നിരുന്നാലും കെഡിഇ 4 പോലെ, കെര്‍ണല്‍ ലിനക്സിലെ പുതിയ ഫയല്‍ സിസ്റ്റങ്ങള്‍ പോലെ, പുതിയ പല ഗുണങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൊണ്ടുവന്നിട്ടുണ്ടു്. പുതുയ ഉത്പന്നങ്ങളുണ്ടാക്കുക എന്നല്ല സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ മുന്‍ഗണന, മറിച്ചു് നമുക്കൊരു പ്രശ്നത്തെ എങ്ങനെ പരിഹരിയ്ക്കാം എന്നതാണു്. നേരത്തെ തന്നെ ഒരു പരിഹാര രീതിയുണ്ടെങ്കില്‍ പിന്നെന്തിനു് വേറൊരു പരിഹാരത്തിനു് ശ്രമിയ്ക്കണം? പിന്നെ സോഫ്റ്റ്‌വെയര്‍ രംഗത്തു് പുതുമ എന്നാല്‍ പുതിയ ആശയങ്ങള്‍ പഴയ സോഫ്റ്റ്‌വെയറുകളില്‍ കൊണ്ടുവരുക എന്നതാണു്.