?

Log in

സ്വതന്ത്ര സോഫ്റ്റുവെയറുകളെ പരിചയപ്പെടാം - Praveen Arimbrathodiyil Blogs here [entries|archive|friends|userinfo]
പ്രവീണ്‍ എ

[ website | Praveen Arimbrathodiyil Blogs here ]
[ userinfo | livejournal userinfo ]
[ archive | journal archive ]

സ്വതന്ത്ര സോഫ്റ്റുവെയറുകളെ പരിചയപ്പെടാം [Oct. 21st, 2007|09:34 pm]
പ്രവീണ്‍ എ
[Tags|]


 ജനീവയില്‍ സ്വിറ്റ്സര്‍ലാന്റിലെ ബേണില്‍ വച്ചു നടന്ന ലോക രാജ്യങ്ങളുടെ (ഇന്ത്യയടക്കമുള്ള മിക്ക രാജ്യങ്ങളും പങ്കെടുത്ത) സമ്മേളനത്തില്‍ വച്ചു് ഒരോ കലാ സാഹിത്യ സൃഷ്ടിയുടേയും ഉപയോഗവും വിതരണവും അടക്കമുള്ള പൂര്‍ണ്ണാവകാശങ്ങള്‍ ഓരോ സൃഷ്ടിയുടേയും ഉടമസ്ഥനില്‍ നിക്ഷിപ്തമാണെന്നു് എല്ലാ രാജ്യങ്ങളും അംഗീകരിച്ചതു് മുതലാണു് പകര്‍പ്പാവകാത്തിന്റെ തുടക്കം (അല്ലാതെ ലോകാരംഭം മുതല്‍ ഈ അധികാരങ്ങള്‍ നിലവിലില്ലായിരുന്നു). സോഫ്റ്റുവെയറുകളും പകര്‍പ്പാവകാശ നിയമത്തില്‍ കീഴിലുള്ള സാഹിത്യ സൃഷ്ടിയായിട്ടാണു് ലോകത്തിലെ എല്ലാ രാജ്യങ്ങളും കണക്കാക്കുന്നതു് (അമേരിക്കയില്‍ മാത്രം സോഫ്റ്റുവെയറിനു് പേറ്റന്റ് നിയമ പ്രകാരം ആശയങ്ങളുടേയും ഉടമസ്ഥാവകാശം ലഭിയ്ക്കാം).

അതു കൊണ്ടു തന്നെ ഏതൊരു സോഫ്റ്റുവെയറും ഉപയോഗിയ്ക്കുകയോ പകര്‍ത്തുകയോ മാറ്റം വരുത്തുകയോ ചെയ്യണമെങ്കില്‍ അതിന്റെ ഉടമയുടെ അനുവാദം ആവശ്യമാണു്. ഒരു സോഫ്റ്റുവെയറിന്റെ ഉടമ ആ സോഫ്റ്റുവെയറിലുള്ള തന്റെ അവകാശങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിയ്ക്കുമ്പോള്‍ ആ സോഫ്റ്റുവെയര്‍ പബ്ലിക് ഡൊമൈനിലാണെന്നു പറയുന്നു. പബ്ലിക് ഡൊമൈനിലുള്ള സോഫ്റ്റുവെയറുകളൊഴികെ മറ്റേതൊരു സോഫ്റ്റുവെയറും ഉപയോഗിയ്ക്കണമെങ്കില്‍ ആ സോഫ്റ്റുവെയറിന്റെ ഉടമസ്ഥനില്‍ നിന്നും അനുമതി പത്രം ലഭിയ്ക്കേണ്ടതായുണ്ടു്.

ഒരു സോഫ്റ്റുവെയറിന്റെ അനുമതി പത്രമാണു് അതൊരു സ്വതന്ത്ര സോഫ്റ്റുവെയറാണോ പ്രൊപ്രൈറ്ററി സോഫ്റ്റുവെയറാണോ എന്നു് നിശ്ചയിയ്ക്കുന്നതു്.

ഒരു സോഫ്റ്റുവെയര്‍ പ്രോഗ്രാം സ്വതന്ത്ര സോഫ്റ്റുവെയറായി കണക്കാക്കപ്പെടണമെങ്കില്‍ താഴെകൊടുത്തിരിയ്ക്കുന്ന നാലു് സ്വാതന്ത്ര്യങ്ങളുണ്ടായിരിയ്ക്കണം.

* ഏതൊരാവശ്യത്തിനും ആ സോഫ്റ്റുവെയര്‍ ഉപയോഗിയ്ക്കാനുള്ള സ്വാതന്ത്ര്യം (സ്വാതന്ത്ര്യം 0)
* ആ സോഫ്റ്റുവെയര്‍ പ്രവര്‍ത്തിയ്ക്കുന്നതെങ്ങനെയെന്നു് മനസ്സിലാക്കാനും നിങ്ങുടെ ആവശ്യത്തിനനുസരിച്ചു് അതിനെ മാറ്റിയെടുക്കാനുമുള്ള സ്വാതന്ത്ര്യം (സ്വാതന്ത്ര്യം 1). ഇതിനായി സോഫ്റ്റുവെയറിന്റെ സോഴ്സ് കോഡ് (പ്രോഗ്രാമര്‍മാര്‍ക്കു് വായിച്ചാല്‍ മനസ്സിലാകുന്ന ഭാഷയിലുള്ള അതിന്റെ സ്രോതസ്സ്) ലഭ്യമായിരിയ്ക്കണം.
* മറ്റുള്ളവരെ സഹായിയ്ക്കാനായി നിങ്ങളുടെ കയ്യിലുള്ള പകര്‍പ്പു് വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം (സ്വാതന്ത്ര്യം 2)
* ആ സോഫ്റ്റുവെയര്‍ മെച്ചപ്പെടുത്താനും അതു് എല്ലാവരുമായി പങ്കുവെയ്ക്കാനുമുള്ള സ്വാതന്ത്ര്യം (സ്വാതന്ത്ര്യം 3). ഇതിനായി സോഫ്റ്റുവെയറിന്റെ സോഴ്സ് കോഡ്  ലഭ്യമായിരിയ്ക്കണം.

കൂടുതലറിയാന്‍ ഈ കണ്ണിയില്‍ നോക്കുക

ഈ നാലു് സ്വാതന്ത്ര്യങ്ങളുമില്ലെങ്കില്‍ അതു് സ്വതന്ത്ര സോഫ്റ്റുവെയറാവുകയില്ല.  പ്രൊപ്രൈറ്ററി സോഫ്റ്റുവെയറുകള്‍ പകര്‍പ്പാവകാശ നിയമം നല്‍കുന്ന അവകാശങ്ങളേക്കാള്‍ കൂടുതലായി ഉപയോക്താക്കളില്‍ നിയന്ത്രണമേല്‍പ്പെടുത്താന്‍ ശ്രമിയ്ക്കുന്നു. സ്വതന്ത്ര സോഫ്റ്റുവെയറുകളെക്കുറിച്ചു് ഇനിയുള്ള ദിവസങ്ങളില്‍ കൂടുതലെഴുതാം എന്നു് വിചാരിയ്ക്കുന്നു.

സ്വതന്ത്ര സോഫ്റ്റുവെയറുകള്‍ മലയാളം മാത്രമറിയുന്നവര്‍ക്കു കൂടി എത്തിയ്ക്കുക എന്നതാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ലക്ഷ്യം. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ http://www.smc.org.in എന്ന വിലാസം സന്ദര്‍ശിയ്ക്കുക.
LinkReply

Comments:
From: (Anonymous)
2007-10-22 04:53 am (UTC)
കൂടുതല്‍ എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു - അങ്കീള്‍
(Reply) (Thread)
[User Picture]From: santhoshtr
2007-10-22 05:05 am (UTC)

ചില ചിന്തകള്‍...

സോഫ്ട്‌വെയറിനെ സാഹിത്യസൃഷ്ടിയായി പരിഗണിക്കാന്‍ കാരണമെന്ത്?( മലയാളത്തിനു വേണ്ടി ഒരാള്‍ ഒരു സോഫ്ട്‌വെയറെഴുതിയാല്‍ അയാള്‍ മലയാളം സാഹിത്യകാരനാവുമോ?:))
സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ലോകത്ത് “സൃഷ്ടി“ എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്?
സോഫ്ട്‌വെയറിനെ വ്യവസ്ഥാപിതാര്‍ത്ഥത്തിലുള്ള “ഉത്പന്നം” എന്ന ഗണത്തില്‍ പെടുത്താമോ?
ഉത്പന്നം എന്ന വാക്കില്‍ ഉള്‍ക്കൊള്ളാനാവാത്ത സോഫ്റ്റ്‌വെയറിന്റെ മൂല്യങ്ങളെന്തൊക്കെ?
കാണാനും തൊടാനും പറ്റും എന്ന നിര്‍വചനത്തിലൊതുങ്ങാതെ വരുമ്പോള്‍ അതിനെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക ക്രയവിക്രയങ്ങളെ എങ്ങനെ വിശദീകരിക്കും?
അറിവ് എന്നത് വില്പന ചരക്കാകുമ്പോളുള്ള സാമൂഹ്യ പ്രത്യാഘാതങ്ങളെന്തൊക്കെ?
സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പറ്റി പറയുമ്പോള്‍ ഇവയെല്ലാം ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണെന്ന് തോന്നുന്നു..
(Reply) (Thread)
[User Picture]From: pravi
2008-12-20 07:31 am (UTC)

Re: ചില ചിന്തകള്‍...

ഏതൊരാശയത്തിന്റേയും ഭൌതികരൂപത്തിനാണു് പകര്‍പ്പവകാശം നല്‍കുന്നതു്. സോഫ്റ്റ്‌വെയറും ഒരാശയത്തിന്റെ ഭൌതികരൂപമായതിനാലാണു് സാഹിത്യകൃതികളോടൊപ്പം കൂട്ടുന്നതു്. സാഹിത്യകാരന്‍ എന്നതു് ഒരു പ്രത്യേക സര്‍ഗ്ഗശക്തിയുടെ പ്രകടരൂപത്തിനു് നമ്മളുപയോഗിയ്ക്കുന്നതു് കൊണ്ടാണു് സോഫ്റ്റ്‌വെയറെഴുതുന്നയാളെ സാഹിത്യകാരനെന്നു് വിളിയ്ക്കാനൊരു മടി. ഒരു പക്ഷേ ചേരുന്ന നല്ലൊരു വാക്കു് കണ്ടെത്തേണ്ടിയിരിയ്ക്കുന്നു.

സ്വതന്ത്ര സോഫ്റ്റ്‌വെയറിലും കുത്തക സോഫ്റ്റ്‌വെയറിലും സൃഷ്ടികള്‍ തമ്മിലല്ല അവയുടെ സൃഷ്ടാക്കള്‍ മറ്റുള്ളവര്‍ക്കാ സൃഷ്ടിയ്ക്കു് മുകളില്‍ നല്‍കുന്ന അനുമതികളിലാണു് വ്യത്യാസപ്പെട്ടിരിയ്ക്കുന്നതു്.

വ്യാവസായിക വിപ്ലവത്തിന്റെ കാലത്തു് നിര്‍മ്മിയ്ക്കാനും കൊണ്ടുനടക്കാനും പകര്‍ത്താനും ചിലവും വരുന്ന സൃഷ്ടികളെയാണു് ഉത്പന്നം എന്നു് വിളിച്ചുവന്നതു്. ഇന്റര്‍നെറ്റിന്റേയും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടേയും പുരോഗതിയോടെ പകര്‍ത്താനും പങ്കുവെയ്ക്കാനുമുള്ള ചിലവും നാമമാത്രമായതാണു് സോഫ്റ്റ്‌വെയറിനെ മറ്റുത്പന്നങ്ങളില്‍ നിന്നും വ്യത്യസ്തമാക്കിയതു്.

അറിവിനെ ഭൌതിക വസ്തുവായി മാറ്റി മാത്രം പ്രചരിപ്പിയ്ക്കാന്‍ സാധ്യമായിരുന്ന അച്ചടിയുടെ കാലത്താണു് ആ ചിലവുകള്‍ തിരിച്ചു് കിട്ടാനായി സാമ്പത്തിക ക്രയവിക്രയങ്ങള്‍ നിലവില്‍ വന്നതു്. സങ്കേതികവിദ്യ ഇത്രയും വികസിച്ചെങ്കിലും പഴയ രീതി തന്നെ തുടരാനുള്ള ചിലരുടെ പിടിവാശിയാണു് ഇപ്പോഴും നമ്മെ ആ രീതിയില്‍ അറിവിന്റെ പ്രചരണത്തെ നോക്കിക്കാണാന്‍ നിര്‍ബന്ധിയ്ക്കുന്നതു്.

അറിവു് വില്പന ചരക്കാകേണ്ടി വന്ന സാഹചര്യം കൂടെ കൂട്ടിവായിയ്ക്കുമ്പേഴേ ആ സാമൂഹിക പ്രത്യാഘാതങ്ങളെപ്പറ്റി ശരിയായി മനസ്സിലാക്കാനാകൂ.
(Reply) (Parent) (Thread)