പ്രവീണ്‍ എ (pravi) wrote,

മലയാളം പ്രാദേശികവത്കരണ ക്യാമ്പുകള്‍ പൂനെയിലും തിരുവനന്തപുരത്തും

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ആഭിമുഖ്യത്തില്‍ ഈ ആഴ്ച പൂനെയിലും അടുത്ത ആഴ്ച തിരുവനന്തപുരത്തും പ്രാദേശികവത്കരണ ക്യാമ്പുകള്‍ സംഘടിപ്പിയ്ക്കുന്നു. പ്രാദേശികവത്കരണത്തിന്റെ ഇന്നത്തെ അവസ്ഥയും വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതോടൊപ്പം പുതിയ പ്രവര്‍ത്തകരെ പ്രാദേശികവത്കരണ പ്രക്രിയയിലേയ്ക്കു് കൈ പിടിച്ചുയര്‍ത്തുവാനും ഇത്തരം ക്യാമ്പുകള്‍ ലക്ഷ്യമിടുന്നു. കോഴിക്കോട് എന്‍ഐടിയിലും ദേവഗിരി കോളേജിലും വച്ചു് നടന്ന ക്യമ്പുകളുടെ തുടര്‍ച്ചയാണിവ. കേരളത്തിലെല്ലായിടത്തും ഇത്തരം ക്യാമ്പുകള്‍ നടത്തുവാന്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ലക്ഷ്യമിടുന്നു. നിങ്ങളുടെ ഗ്രാമത്തില്‍/നഗരത്തില്‍/കോളേജില്‍/സ്കൂളില്‍ ഇതു പോലെ ക്യാമ്പുകള്‍ നടത്താന്‍ ആഗ്രഹിയ്ക്കുന്നെങ്കില്‍ ഞങ്ങളുമായി ബന്ധപ്പെടാം.

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പരിഭാഷാ പ്രക്രിയകളും പരിഭാഷയ്ക്കായുപയോഗിയ്ക്കാവുന്ന സോഫ്റ്റ്‌വെയറുകളും പരിഭാഷാ വിലയിരുത്തല്‍ രീതികളും ക്യാമ്പില്‍ വിശദീകരിയ്ക്കുന്നതാണു്. ഈ യജ്ഞത്തില്‍ പങ്കാളികളാകാനാഗ്രഹിയ്ക്കുന്ന എല്ലാവരേയും സാങ്കേതികമായി തയ്യാറാക്കുക എന്നാണു് ക്യാമ്പിന്റെ നടത്തിപ്പുകാര്‍ ആഗ്രഹിയ്ക്കുന്നതു്. സ്വതന്ത്ര സേഫ്റ്റ്‌വെയറുകളായ മോസില്ല ഫയര്‍ഫോക്സ്, ഓപ്പണ്‍ഓഫീസ് തുടങ്ങിയവയും ഗ്നു/ലിനക്സിലെ ഗ്നോം, കെഡിഇ തുടങ്ങിയവയും ഇപ്പോള്‍ തന്നെ മലയാളത്തില്‍ ലഭ്യമാണു്. മുകലില്‍ നല്‍കിയ കണ്ണികള്‍ സന്ദര്‍ശിച്ചു് ഈ ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ നിങ്ങളുടെ പേരുകള്‍ നല്‍കാവുന്നതാണു്.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ചു്

"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അടിസ്ഥാനമാക്കി കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടമാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്." കൂടുതല്‍ വിവരങ്ങള്‍ http://wiki.smc.org.in/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണു്.
  • Post a new comment

    Error

    default userpic

    Your IP address will be recorded  

  • 0 comments