?

Log in

No account? Create an account
Praveen Arimbrathodiyil Blogs here — LiveJournal [entries|archive|friends|userinfo]
പ്രവീണ്‍ എ

[ website | Praveen Arimbrathodiyil Blogs here ]
[ userinfo | livejournal userinfo ]
[ archive | journal archive ]

അസീമിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം ചെറുത്തു് തോല്‍പ്പിയ്ക്കണം [Sep. 10th, 2012|09:37 am]
പ്രവീണ്‍ എ
അസീമിനെ അറസ്റ്റിനെക്കുറിച്ചുള്ള മാധ്യമം വാര്‍ത്തയില്‍ നല്‍കിയ അഭിപ്രായം. അസീമിനൊപ്പം ചെലവഴിച്ച ഒരു സായാഹ്നത്തെപ്പറ്റിയും അറസ്റ്റിന്റെ സാക്ഷിയാവാന്‍ നിമിത്തമായതിനെപ്പറ്റിയും കൂടുതല്‍ പിന്നീടെഴുതാം.

ഇതിനെതിരെ ജനാധിപത്യ വിശ്വാസികളായ ഓരോരുത്തരും ശബ്ദമുയര്‍ത്തിയേ തീരൂ. കാരണം ഇതും വെറും അസീമിന്റെ മാത്രം പ്രശ്നമല്ല. നമ്മുടെ എല്ലാവരുടേയും ഭരണഘടന ഉറപ്പു് തരുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണു്. കോടികള്‍ കട്ടുമുടിയ്ക്കുന്നവര്‍ സുഖലോലുപതയിലും പ്രതികരിയ്ക്കുന്ന നിരപരാധികള്‍ ജയിയലുമാകുന്ന അവസ്ഥ ജനാധിപത്യ വിശ്വാസികള്‍ക്കാര്‍ക്കും അനുവദിയ്ക്കാനാവില്ല.

പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനയ ജസ്റ്റിസ് മാര്‍ക്കണ്ടേയ കട്ജു പറഞ്ഞ പോലെ നിരപരാധിയ അറസ്റ്റ് ചെയ്തു് തുറുങ്കിലടച്ച പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാവണം. ഇതുപോലൊരവസ്ഥ മറ്റൊരാള്‍ക്കു് വരാതെ നോക്കാന്‍ ഈ രാജ്യത്തെ പൌരന്മാരെന്ന നിലയില്‍ നമ്മളോരോരുത്തരം ബാധ്യസ്ഥരാണു്.

LinkLeave a comment

ഡെബിന്‍ ഡെവലപ്പറിലേയ്ക്കുള്ള യാത്ര [Jun. 1st, 2012|08:39 pm]
പ്രവീണ്‍ എ
[Tags|, , ]

ഞാന്‍ കമ്പ്യൂട്ടറുമായി പരിചയത്തില്‍ വരുന്നതു് എട്ടാം ക്ലാസിലാണു്. അന്നു് എംഎസ് ഡോസായിരുന്നു ഓപ്പറേറ്റിങ്ങ് സിസ്റ്റം. പിന്നീടു് എഞ്ചിനീയറിങ്ങിനു് കോഴിക്കോട് എന്‍ഐടിയില്‍ പടിയ്ക്കുമ്പോഴാണു് വീണ്ടും കമ്പ്യൂട്ടറുമായി അടുക്കുന്നതു്. രണ്ടു് വര്‍ഷം പ്രീഡിഗ്രി കാലത്തു് എന്‍ട്രന്‍സ് പരീക്ഷ മാത്രമായിരുന്നു് ലക്ഷ്യം :( കോഴിക്കോട് വച്ചു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പരിചയപ്പെടുകയും ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താവും വക്താവുമായി. പക്ഷേ സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ സംഭാവന നല്‍കി തുടങ്ങാന്‍ വിണ്ടും വര്‍ഷങ്ങളെടുത്തു. ബാംഗ്ലൂരില്‍ വച്ചാണു് ഡെബിയന്‍ ഇന്‍സ്റ്റോളറിന്റെ മലയാളം പരിഭാഷ ചെയ്തു് തുടങ്ങുന്നതു്. അന്നു് ഓണ്‍ലൈന്‍ കീബോര്‍ഡ് വഴി മലയാളം ടൈപ്പ് ചെയ്താണു് തുടക്കം. ആ സംരംഭത്തോടെയാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് രണ്ടാമതും സജീവമായതു്. പിന്നീടു് കുറേക്കാലം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങില്‍ സജീവമായിരുന്നു. ഗ്നോം, കെഡിഇ തുടങ്ങിയവയുടെ പരിഭാഷയും പല ഒത്തുചേരലുകളുമായി നടന്ന സമയം.

റെഡ് ഹാറ്റ് പൂനെയിലെ സഹപ്രവര്‍ത്തകനായ കുശല്‍ ദാസെഴുതിയ ലെഖോനി (lekhonee-gnome) എന്ന വേര്‍ഡ്പ്രസ്സ് ബ്ലോഗ് ക്ലയന്റിനെ ഡെബിയനില്‍ ചേര്‍ത്താണു് വിണ്ടും ഡെബിയനില്‍ സജീവമായതു്. പിന്നീടു് പുതിയ കെഡിഇ പതിപ്പിനു് വേണ്ടി ഡിബസ് മെനു ലൈബ്രറിയുടെ ക്യൂട്ടി പതിപ്പു് (libdbusmenu-qt) ഡെബിയനില്‍ ചേര്‍ത്തു. ഡയാസ്പുറ വികേന്ദ്രീകൃത സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സോഫ്റ്റ്‌വെയറിനെ ഡെബിയനില്‍ ചേര്‍ക്കാനുള്ള ശ്രമമാണു് കൂടുതല്‍ സമയം ഡെബിയനില്‍ ചെയവഴിയ്ക്കാന്‍ കാരണമായതു്. ഈ ശ്രമം റൂബി പാക്കേജിങ്ങ് സംഘവുമായി ചേര്‍ന്നു് പ്രവര്‍ത്തിയ്ക്കാന്‍ സഹായിച്ചു. ഡയാസ്പുറ വളരെയധികം (നൂറിലധികം) റൂബി ലൈബ്രറികളുകയോഗിയ്ക്കുന്നതിനാല്‍ ഈ ശ്രമം ഇപ്പോഴും തുടരുകയാണു്. കൂടുതല്‍ ആളുകളുടെ സഹായം പ്രതീക്ഷിച്ചു് പല സ്ഥലങ്ങളില്‍ ഡെബിയന്‍ പാക്കേജിങ്ങ് പഠിപ്പിച്ചു.

ഈ ശ്രമത്തിലൂടെ പുതിയ പലരേയും ഡെബിയന്‍ കൂട്ടായ്മയുമായി അടുപ്പിയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടു്. ഡെബിയന്‍ മെയിന്റൈനറാവാന്‍ (DM - സ്വന്തം പാക്കേജുകളുടെ പുതിയ പതിപ്പുകള്‍ ഡെബിയനില്‍ ചേര്‍ക്കാനുള്ള അനുവാദം) ഗുജറാത്തില്‍ നിന്നുള്ള കാര്‍ത്തിക് മിസ്ത്രിയും ഫ്രാന്‍സിലെ ക്രിസ്ത്യന്‍ പെറിയറും ശുപാര്‍ശ ചെയ്തു. പിന്നീടു് ഡെബിയന്‍ ഡെവലപ്പറാകാന്‍ (പുതിയ പാക്കേജുകള്‍ ചേര്‍ക്കാനും പുതിയ ആളുകള്‍ക്കു് അവരുടെ പാക്കേജുകള്‍ ഡെബിയനില്‍ ചേര്‍ക്കാന്‍ സഹായിയ്ക്കുവാനും ഡെബിയന്‍ പ്രൊജക്റ്റിന്റെ നേതാവിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ വോട്ടു് രേഖപ്പെടുത്താനും മറ്റു് നയപരമായ തീരുമാനങ്ങളില്‍ വോട്ടു് ചെയ്യാനും അനുവാദം) ക്രിസ്ത്യന്‍ പെറിയറാണു് ശുപാര്‍ശ ചെയ്തുതു്. പിന്നീടു് നാലു് മാസം ഡച്ച് ഡെബിയന്‍ ഡെവലപ്പറായ തിജിസ് കിങ്ക്ഹോസ്റ്റാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആശയങ്ങള്‍, പകര്‍പ്പവകാശ അനുമതി പത്രങ്ങള്‍, ഡെബിയന്റെ പ്രവര്‍ത്തന രീതികള്‍, പാക്കേജിങ്ങ് മറ്റു് സാങ്കേതിക കഴിവുകള്‍ എന്നിവ പരിശോദിച്ചു് ഇപ്പോള്‍ ഡെബിയന്‍ ഡെവലപ്പറാക്കാനുള്ള ശുപാര്‍ശ നല്‍കിയതു്. രണ്ടു് മൂന്നു് സാങ്കേതിക പടികള്‍ കൂടി കടന്നാല്‍ വോട്ടു് ചെയ്യാനും നേരിട്ടു് പാക്കേജുകള്‍ ഡെബിയനില്‍ ചേര്‍ക്കാനുമാകും.
LinkLeave a comment

വിപ്ലത്തിന്റെ മുഹൂര്‍ത്തം ആര്‍ക്കും പ്രവചിയ്ക്കാനാവില്ല [Oct. 25th, 2011|11:16 pm]
പ്രവീണ്‍ എ
വീഡിയോ
ഞാന്‍ കാണുന്നതു് കോര്‍പ്പറേറ്റിസവും ഫാസിസവും ശിങ്കിടി മുതലാളിത്തവുമാണു്
 
ഒരു സ്വതന്ത്ര കമ്പോളം എനിയ്ക്കു് കാണുന്നില്ല
 
ഞാന്‍ കാണുന്നതു് ഒരു പോലീസ് ഭരണവും അമേരിക്കന്‍ സാമ്രാജ്യവുമാണു്
 
ഞാന്‍ കാണുന്നതു് 135 രാജ്യങ്ങളിലായി 700 പട്ടാള താവളങ്ങളാണു്
 
ഞാന്‍ കാണുന്നതു് ഇറാഖിലെ 5000 ശവശരീരങ്ങളാണു്
 
ഏകാധിപതികള്‍ക്കു് വലിയ സൈന്യങ്ങള്‍ ഉണ്ടാക്കാന്‍
 
ലക്ഷം കോടിക്കണക്കിനു് വിദേശ സഹായം നല്‍കുന്ന
 
ഒരു വെല്‍ഫെയര്‍ വാര്‍ഫെയര്‍ (യുദ്ധക്കൊതിയുള്ള) രാജ്യം
 
വഴി നഷ്ടപ്പെട്ട ഒരു അമേരിക്കയാണു് ഞാന്‍ കാണുന്നതു്
 
റിപ്പബ്ലിക്രാറ്റുകള്‍ - റിപ്പബ്ലിക്കന്‍സും ഡെമോക്രാറ്റ്സും
 
രണ്ടു് കൂട്ടരും ഒരേ കാര്യത്തിനു് തന്നെയാണു് നിലകൊള്ളുന്നതു്
 
ഒരു യഥാര്‍ത്ഥ ജനാധിപത്യം എനിയ്ക്കു് കാണാനില്ല
 
ജനങ്ങളുടെ ശബ്ദം എനിയ്ക്കു് കേള്‍ക്കാനില്ല
 
അവസാനം ഞങ്ങള്‍ ഉണര്‍ത്തെഴുന്നേറ്റിരിയ്ക്കുന്നു
 
മൈക്ക് ചെക്ക് മൈക്ക് ചെക്ക്
 
സ്പെയിന്‍, ഈജിപ്ത്, പോലെ, ഇതിന്റെ ഡൈനാമിക്സും സമയവും ശരിയാണോ?
 
ഇതു് ശരിയായ മുഹൂര്‍ത്തമാണോ?
 
ആ മാനസികാവസ്ഥ ഉണ്ടോ?
 
ഇതൊന്നും നമുക്കു് പ്രവചിയ്ക്കാനാവില്ല
 
ജനങ്ങള്‍ പ്രതിഷേധിയ്ക്കുമ്പോള്‍, ഒരു ദിവസം പുറത്തിറങ്ങി മാര്‍ച്ച് ചെയ്യുമ്പോള്‍
 
എന്തു് സംഭവിയ്ക്കുമെന്നു് നമ്മള്‍ കണ്ടിട്ടുണ്ടു്
 
അധികാരമാറ്റത്തിനും ജനങ്ങള്‍ തമ്മില്‍ തമ്മില്‍
 
എങ്ങനെ കാണുന്നു എന്നതിനും
 
പുതിയൊരു രീതിയ്ക്കുള്ള ഒരുവസരമായിരിയ്ക്കാം ഒരു പക്ഷേ ഇതു്.
 
ഞാന്‍ പറയാറുള്ളതു് പോലെ
 
രണ്ടായാലും നമുക്കു് തന്നെ നഷ്ടം
 
എന്നാല്‍ ഇതു് നോക്കാവുന്നതാണു്
 
ഇതു് സംഭവിയ്ക്കാന്‍ ഞാന്‍ കാത്തിരിയ്ക്കുകയായിരുന്നു
 
ഇതു് സംഭവിയ്ക്കുമെന്നു് എനിയ്ക്കറിയാമായിരുന്നു
 
കാരണം യൂറോപ്പില്‍ ഇതു് സംഭവിച്ചു
 
ഇതു് പടരും എന്നു് എനിയ്ക്കറിയാമായിരുന്നു
 
ഇതു് എന്റെ ജീവിതത്തിന്റെ
 
വലിയ പങ്കും ഞാന്‍
 
അനുഭവിച്ചു കൊണ്ടിരുന്നതാണു്
 
ഇതു് ബാഹ്യലോകത്തു് പ്രതിഫലിച്ചു് കാണുന്നതു്
 
ഒരു അനുഗ്രഹമാണു്, ഇതിന്റെ ഭാഗമാകുന്നതു്
 
ഞാന്‍ ശരിയ്ക്കും ആസ്വദിയ്ക്കുന്നു
 
ഞാന്‍ പണ്ടു് മുതലേ ഇതിലൊക്കെ ഉള്ളൊരാളാണു്
 
ഞാന്‍ കഴിഞ്ഞ നാലു് പതിറ്റാണ്ടുകളായി പല തരം ആക്റ്റിവിസത്തിലുണ്ടു്
 
നിങ്ങള്‍ക്കറിയുമോ ഇതു് എല്ലായ്പോഴും എന്റെ സ്വപ്നമായിരുന്നു
 
വാള്‍സ്ട്രീറ്റിനു് പിന്നാലെ പോകാനും ജയിലില്‍ കയറാതെയോ
 
അടി വാങ്ങാതെയോ ഇതിനെ ആക്രമിയ്ക്കാനോ
 
നമ്മള്‍ എങ്ങനെ ജയിയ്ക്കും?
 
നമ്മള്‍ എവിടെയും പോകുന്നില്ല
 
ഇതു് ആളുകളെ പഠിപ്പിയ്ക്കാനുള്ള പ്രവര്‍ത്തനമാണു്
 
ശരിയ്ക്കും പറഞ്ഞാല്‍ ലോകത്തെ തന്നെ
 
അതാതയതു് നമ്മള്‍ ആദ്യമായും പ്രധാനമായും കരുണയുള്ളവരും
 
നമ്മളെ നോക്കുന്നതിനു് മുമ്പു് കൂട്ടായ്മയെ നോക്കുന്നവരായിരിയ്ക്കണം
 
ഇതിനുള്ള മാതൃക വട്ടമേശ സമ്മേളനങ്ങളുടെ വളരുന്ന
 
ഒരു പ്രസ്ഥാനമായിരിയ്ക്കണം
 
രണ്ടു് ദിവസം മുമ്പു് ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടു
 
പോലീസ് ഉദ്യോഗസ്ഥരും ഇന്റലിജന്‍സും
 
എന്നെ ചോദ്യം ചെയ്തു. അറസ്റ്റ് ചെയ്യപ്പെടുന്നവര്‍
 
ഇവരോടു് സംസാരിയ്ക്കരുതെന്നു് ഞാന്‍ ആഹ്വാനം ചെയ്യുന്നു.
 
സംസാരിച്ചില്ലെങ്കില്‍ എന്നെ ചുമരില്‍ ചേര്‍ത്തു് ചങ്ങലയ്ക്കിടുമെന്നു് അവര്‍ എന്നെ ഭീഷണിപ്പെടുത്തി
 
ഞാന്‍ സംസാരിച്ചില്ല, നിങ്ങള്‍ക്കിതിഷ്ടപ്പെട്ടോ?
 
ന്യൂ യോര്‍ക്കിലെ മേയര്‍ക്കിവിടെ വിചിത്രമായൊരു സ്ഥാനമാണുള്ളതു്
 
അദ്ദേഹത്തിനു് ഒരു് മുബാറക്കിനെ പോലെയോ
 
അല്ലെങ്കില്‍ മിഡില്‍ ഈസ്റ്റിലെ മറ്റൊരു ഏകാധിപതിയെപ്പോലെയോ
 
പ്രക്ഷോഭകാരികളെ നേരിടാനാവില്ല
 
കൂടാതെ അദ്ദേഹം തന്നെ നേരത്തെ പറഞ്ഞതു്
 
ഈ കുട്ടികള്‍ക്കു് ജോലിയൊന്നും നല്‍കാന്‍ അവര്‍ക്ക്  സാധിച്ചില്ലെങ്കില്‍
 
ടുണീഷ്യയിലും ഈജിപ്തിലും മറ്റ് മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളിലും കണ്ടതു് പോലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്നു്
 
അധികാരവും പണവുമില്ലാത്ത ഞങ്ങളെ പോലുള്ള ആളുകള്‍ക്കു് ചില മാറ്റങ്ങളെല്ലാം
 
കൊണ്ടു് വരാനുള്ള ശ്രമമെങ്കിലും നടത്തണമെങ്കില്‍ സാമൂഹിക സമ്മര്‍ദ്ദത്തിലൂടെ മാത്രമേ കഴിയൂ
 
എല്ലാ ദിവസവും എല്ലാ ആഴ്ചയും
 
വാള്‍സ്ട്രീറ്റ് കീഴടക്കുക
 
ഒന്നിച്ചു് സ്വാതന്ത്ര്യം നേടുകയെങ്ങനെയെന്നെനിയ്ക്കറിയില്ല
 
അതാണു് നമ്മളെല്ലാവരും നേടാന്‍ ശ്രമിയ്ക്കുന്നതെങ്കിലും. ഇതെല്ലാം ഒരുമിച്ചു് നടക്കണമെന്നു് എനിയ്ക്കു് തോന്നുന്നു.
 
ഞങ്ങളിവിടെ ഒരു പ്രസ്ഥാവനയ്ക്കായാണു് ഇവിടെയുള്ളതു്, ഞങ്ങളിവിടെ സ്ഥലം പിടിയ്ക്കുന്നതു്
 
ജനങ്ങളെ ബോധവാന്മാരാക്കാനാണു്, കാരണം ജനങ്ങള്‍ ഭക്ഷണവും വീടും മാത്രം ഉള്ളെങ്കിലും
 
സുഖമായി അവരുടെ വീട്ടില്‍ തന്നെയിരുപ്പാണു്
 
സ്വന്തം അവകാശങ്ങള്‍ ചോദിച്ചു് വാങ്ങാന്‍ അവര്‍ ശ്രമിയ്ക്കുന്നില്ല
 
ജനങ്ങള്‍ യഥാര്‍ത്ഥ ജനാധിപത്യത്തിനായി എണീറ്റു് നില്‍ക്കാനുള്ള സമയമാണിതു്
 
എന്നാല്‍ നമുക്കു് കോര്‍പ്പറേറ്റ് അത്യാഗ്രഹം ഒഴിവാക്കാം
 
ആവശ്യങ്ങള്‍ പ്രശ്നമുണ്ടാക്കുന്നതും അധികാരം കളയുന്നതുമാണു്
 
കാരണം ഇതു് ജനങ്ങള്‍ മറ്റാരെയും കാക്കാതെ
 
സ്വയം കാര്യങ്ങള്‍ ചെയ്യുന്നതായതിനാലാണു്
 
കൂടാതെ നിങ്ങള്‍ക്കിതിനെ ഒരു കുഞ്ഞു് സമൂഹമായി കാണാം
 
ഇതു് പുതിയൊരു സമൂഹത്തിനുള്ള മാതൃകയാണു് എന്തിനെങ്കിലും എതിരാണെന്നുള്ള അര്‍ത്ഥത്തിലുള്ളൊരു
 
പ്രതിഷേധമല്ല, പുതിയൊരെണ്ണം ഉണ്ടാക്കാനുള്ളൊരു വഴിയാണു്
 
നമ്മുടെ ജീവിതത്തിന്റെ ഭാഗമായ നീതിയുടെ തിരസ്കരണത്തിന്റെ
 
ജനങ്ങളുടെ മനസ്സിലാക്കലും ജനങ്ങളുടെ തിരിച്ചറിവും
 
ജനങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പുമാണിതു്
 
ഞങ്ങളിവിടെ വളരെ അടുത്താണെങ്കിലും, പ്രത്യേകിച്ചും ഇതു് പോലുള്ളൊരു നഗരത്തില്‍
 
നിങ്ങള്‍ക്കറിയുമോ, ആദ്യ പടി വയ്ക്കാന്‍ എല്ലാവര്‍ക്കും പേടിയാണു്
 
ജനങ്ങള്‍ കെട്ടിപ്പടുത്ത മതിലുകള്‍ തകര്‍ക്കാന്‍
 
പ്രശ്നങ്ങളെക്കുറിച്ചു് സംസാരിയ്ക്കുന്ന, ഇതു് പോലെയൊ അല്ലെങ്കില്‍
 
മറ്റൊരു തരത്തിലുള്ളതൊ ആയ കൂട്ടായ്മ കെട്ടിപ്പെടുക്കാന്‍
 
നമ്മള്‍ക്കെല്ലാവര്‍ക്കും പൊതുവായ പ്രശ്നങ്ങളുണ്ടു് നമ്മുടെയെല്ലാവരുടേയും
 
ജീവിതങ്ങള്‍ നന്നാക്കാന്‍ മാറ്റാവുന്ന പൊതുവായ കാര്യങ്ങള്‍
 
ഞാന്‍ വിയറ്റ്നാം കാലത്തെ 60 വയസ്സായ ഒരു വിമുക്ത ഭടനാണു്
 
ഞാന്‍ ഒരു വക്കീലിന്റെ കൂടെ മുഴുവന്‍ സമയമല്ലാതെ ജോലിയെടുത്തിരുന്നു
 
ഇപ്പോള്‍ ആ വക്കീലിനു് തന്നെ സാമ്പത്തിക പ്രശ്നങ്ങളായതു് കാരണം എന്നെ എടുക്കാന്‍ തയ്യാറല്ല
 
ഞാന്‍ കുടുങ്ങിയിരിയ്ക്കുകയാണു്
 
എന്താണു് ചെയ്യുകയെന്നെനിയ്ക്കൊരു പിടിയും ഇല്ല
 
നിങ്ങള്‍ എന്നെ പോലെ അസ്വസ്ഥനും
 
ടീ പാര്‍ട്ടിക്കാരെ വാര്‍ത്തയിലും ടിവിയിലും എല്ലാ സമയത്തും കാണുമ്പോള്‍
 
എന്താണിവിടെ ടീ പാര്‍ട്ടിയ്ക്കു് ബദലായി ഒരു തീവ്ര ഇടതുപക്ഷമില്ലാത്തതെന്നു്
 
ആലോചിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളിവിടെ വരണം
 
നിങ്ങള്‍ക്കും എന്നെ പോലെ കൊട്ടക്കണക്കിനു് വിദ്യാര്‍ത്ഥി കടമുണ്ടെങ്കില്‍
 
നിങ്ങളിവിടെ വരണം
 
നിങ്ങള്‍ എന്തെങ്കലും കരമടച്ചിട്ടുണ്ടെങ്കില്‍ ജനറല്‍ ഇലക്ട്രിക് കോര്‍പ്പറേഷനേക്കാളും കൂടുതല്‍ കരമടച്ചിട്ടുണ്ടെന്നതിന്റെ
 
കലിയടങ്ങുന്നില്ലെങ്കില്‍
 
നിങ്ങളിവിടെ വരണം
 
അത്ഭുതകരമായതെന്തെങ്കിലും കാണണമെങ്കില്‍ നിങ്ങളിവിടെ വരണം
 
[നിങ്ങള്‍ക്കായി അവതരിപ്പിച്ചതു് മാര്‍ട്ടിന സ്റ്ററോസ്റ്റയും ഇവ റാഡിവോജേവിക് - ക്രിയേറ്റീവ് കോമണ്‍സ് മുദ്ര]
 
എല്ലാ ദിവസവും എല്ലാ ആഴ്ചയും

ഈ പരിഭാഷ മെച്ചപ്പെടുത്താന്‍ ഇവിടെയും വാള്‍സ്ട്രീറ്റ് പിടിച്ചടക്കലിന്റെ മറ്റു് വീഡിയോകളുടെ പരിഭാഷയില്‍ പങ്ങാളികളാവാന്‍ ഇവിടെയും വരിക.
Link1 comment|Leave a comment

കോഴിക്കോട് എന്‍ഐടിയില്‍ സ്വതന്ത്ര സിനിമോത്സവം [Dec. 30th, 2010|10:37 am]
പ്രവീണ്‍ എ
[Tags|, , ]

പകര്‍പ്പവകാശ നിയന്ത്രണങ്ങളില്ലാതെ ഏവര്‍ക്കും ആസ്വദിയ്ക്കാവുന്ന സ്വതന്ത്ര സിനിമകളെ പരിചയപ്പെടുത്തുന്ന രണ്ടു് ദിവസത്തെ സ്വതന്ത്ര സിനിമോത്സവം കോഴിക്കോട് എന്‍ഐടിയില്‍ വച്ചു് ഈ ശനിയും ഞായറും നടക്കും. ആദ്യ ദിവസം സ്വതന്ത്ര സിനിമകളുടെ പ്രദര്‍ശനവും രണ്ടാം ദിവസം അനിമേഷന്‍ സിനിമകള്‍ സൃഷ്ടിയ്ക്കാനുപയോഗിയ്ക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറായ ബ്ലെന്‍ഡര്‍ ഉപയോഗിയ്ക്കാനുള്ള പരിശീലനവും നടക്കും. പൊതുജനപങ്കാളിത്തത്തോടെ നിര്‍മ്മിയ്ക്കുന്ന ചാമ്പ സ്വതന്ത്ര സിനിമാ സംരംഭത്തിന്റെ പ്രചാരണത്തിനായാണു് രണ്ടു് ദിവസത്തെ പരിപാടി സംഘടിപ്പിയ്ക്കുന്നതു്. ഫെബ്രുവരി ആദ്യവാരം എന്‍ഐടിയില്‍ തന്നെ ഒരാഴ്ച നീണ്ട ചാമ്പ കലാകാരന്മാരുടെ ഒത്തുചേരലും ഫോസ്‌മീറ്റിനൊപ്പം നടക്കും.

ഡിജിറ്റല്‍ സൊസൈറ്റിയില്‍ പകര്‍പ്പവകാശം പോലുള്ള കുത്തകാവകാശങ്ങള്‍ സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ സാധാരണക്കാരിലെത്തിയ്ക്കുന്നതിനെയും പുത്തന്‍ ആശയങ്ങളുടെ വളര്‍ച്ചെയേയും തടയുമെന്നും എല്ലാവരും ഒത്തുചേര്‍ന്നു് എല്ലാവര്‍ക്കും ലഭ്യമാകുന്ന തരത്തിലുള്ള സാംസ്കാരിക വസ്തുക്കള്‍ നിര്‍മ്മിയ്ക്കുകയും ചെയ്യണമെന്നും വിശ്വസിയ്ക്കുന്ന സ്വതന്ത്ര സംസ്കാരത്തിന്റെ വക്താക്കളാണു് ഇതിന്റെ അണിയറയില്‍.

ബ്ലെന്‍ഡര്‍ ഫൌണ്ടേഷനാണു് എലിഫന്റ്സ് ഡ്രീം, ബിഗ് ബക്ക് ബണ്ണി, സിന്റല്‍ തുടങ്ങിയ സ്വതന്ത്ര സിനിമകളിലൂടെ ഈ ആശയത്തെ പ്രചാരത്തില്‍ കൊണ്ടുവന്നതു്. നീന പാലി സ്വന്തമായി നിര്‍മ്മിച്ച സീതയുടെ പാട്ടുകള്‍ എന്ന സിനിമയും സ്വതന്ത്ര സിനിമയായാണു് പുറത്തിറങ്ങിയതു്. ഇതേപ്പറ്റി ഞാന്‍ നേരത്തെ എഴുതിയതിവിടെ.  ഇതോടൊപ്പം തന്നെ മറ്റു് പല സിനിമകളും സ്വതന്ത്രാനുമതികളോടെ പുറത്തിറങ്ങുന്നുണ്ടു്. ചാമ്പ പോലെ തന്നെ ഏഞ്ചലോ എന്ന പേരില്‍ ചെന്നെയിലെ അനിമേഷന്‍ കമ്പനിയായ പ്രോസ്പെക്റ്റ് വിയും സ്വതന്ത്ര സിനിമയെടുക്കുന്നുണ്ടു്.

ചാമ്പ സംരംഭത്തിലെ കലാകാരനായ മിലാദ് താഹ ഒരാഴ്ച കൊണ്ടു് തന്റെ ഒഴിവു് സമയത്തു് നിര്‍മ്മിച്ച ഒരു ലഘു ചിത്രം

HTML5 VideoFlash
The Jump from Milad Thaha on Vimeo.


നിങ്ങളുടെ സ്കൂളിലോ, കോളേജിലോ, ഓഫീസിലോ എവിടെയും സ്വതന്ത്ര സിനിമോത്സവങ്ങള്‍ നടത്താന്‍ താത്പര്യമുണ്ടെങ്കില്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തുക.
Link4 comments|Leave a comment

വിക്കിലീക്സിനു് അമേരിക്കയുടെ മറുപടി [Dec. 6th, 2010|12:13 pm]
പ്രവീണ്‍ എ
[Tags|, , , ]


US response to Julian Assange of wikileaks
Uploaded by thesasikkuttan. - Watch the latest news videos.

"ഒന്നു്: വിക്കിലിക്സ്, അതായതു് നമ്മുടെ പ്രധാന എതിരാളി, അവരില്‍ ചില കൊള്ളാവുന്ന ചെറുപ്പക്കാര്‍ രംഗത്തു് വന്നിട്ടുണ്ടു്. ആളുകള്‍ക്കവരോടു് വല്ല്യ മതിപ്പാ. ആ മതിപ്പു് പൊളിയ്ക്കുകയാണു് നമ്മള്‍ ചെയ്യേണ്ടതു്. ഏതെങ്കിലും രീതിയില്‍ വല്ല പെണ്ണു് കേസിലോ, ഗര്‍ഭക്കേസിലോ അവരെ പെടുത്തി നാറ്റിയ്ക്കുകയാണു് വേണ്ടതു്. ജനങ്ങളവരെ കാര്‍ക്കിച്ചു് തുപ്പുന്നൊരു പരിതസ്ഥിതിയിലെത്തിച്ചാല്‍ നമ്മള്‍ ജയിച്ചു. ആറു് മാസത്തിനുള്ളില്‍ നമുക്കു് നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാം."
Link1 comment|Leave a comment

കമ്പ്യൂട്ടിങ്ങ് എന്നാല്‍ ടൈപ്പിങ്ങും അച്ചടിയും മാത്രമോ? [Jul. 19th, 2010|03:57 pm]
പ്രവീണ്‍ എ
അടുത്തു് കേരളത്തിലെ ചിലര്‍ രൂപയുടെ ചിഹ്നമുള്ള ഫോണ്ടിറക്കി എന്നു് പറഞ്ഞു് ആഘോഷം പൊടിപൂരമാക്കുമ്പോള്‍ തോന്നിയതാണിതു്. പലര്‍ക്കും അത്രയൊക്കെയേ വേണ്ടൂ, എല്ലാവര്‍ക്കും അത്രയും മതി എന്നും അവര്‍ പറഞ്ഞേയ്ക്കാം. ബില്‍ ഗേറ്റ്സ് പണ്ടു് പറഞ്ഞിട്ടുണ്ടല്ലോ ആര്‍ക്കും 640K മതിയാകും എന്നു്. കിലോ പോയിട്ടു് മെഗായും കഴിഞ്ഞു് ഗിഗാബൈറ്റിലാണിന്നു് മെമ്മറിയുടെ കണക്കുകള്‍ പറയുന്നതു് എന്നറിയുമ്പോഴാണിതിന്റെ പൊള്ളത്തരം മനസ്സിലാകുന്നതു്.

മനോരമയടക്കമുള്ള പല പത്രങ്ങളും ഇപ്പോളും ആസ്കി യുഗത്തിലാണു് ജീവിയ്ക്കുന്നതു്. അവര്‍ക്കു് സ്ക്രീനില്‍ കണ്ടു് അച്ചടിയ്ക്കാന്‍ പറ്റിയാല്‍ മലയാളം ധാരളമായി. എന്നാല്‍ ഇന്റര്‍നെറ്റിന്റെ ഈ കാലത്തു് തെരഞ്ഞാല്‍ വിവരം കിട്ടാതിരിയ്ക്കുന്ന അവസ്ഥയെക്കുറിച്ചു് ചിന്തിച്ചിട്ടുണ്ടോ? മലയാള മനോരമ പോലുള്ള പത്രങ്ങളുടെ ആസ്കി പതിപ്പിലെ വിവരം സൂക്ഷിയ്ക്കുന്നതു് ഇംഗ്ലീഷ് അക്ഷരങ്ങളുടെ (യൂറോപ്യന്‍ അക്ഷരങ്ങളുടെ) അര്‍ത്ഥശൂന്യമായ ഫയലുകളായിട്ടാണു്. ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകള്‍ക്കു് ഇതുപോലുള്ള സൈറ്റുകളിലെ വിവരം അവരുടെ ഉപയോക്താക്കളിലെത്തിയ്ക്കണമെങ്കില്‍ മനോരമ സൈറ്റിനെ പ്രത്യേകം കൈകാര്യം ചെയ്യണം. അവരുടെ ഗൂഗിള്‍ വാര്‍ത്താ സേവനത്തില്‍ അവരതാണു് ചെയ്യുന്നതു്. അവര്‍ക്കിതിനായി മനോരമ പോലുള്ള യൂണികോഡ് ഉപയോഗിയ്ക്കാത്തെ വെബ്സൈറ്റുകളുടെ യൂണികോഡിലേയ്ക്കു് മാറ്റിയ പകര്‍പ്പു് സൂക്ഷിച്ചു് വേണം ഒരു വാര്‍ത്ത തെരയാന്‍. എന്നാല്‍ അവരുടെ സൈറ്റ് സാധാരണക്കാര്‍ക്കു് വായിയ്ക്കണമെങ്കില്‍ പദ്മ പോലുള്ള ഫയര്‍ഫോക്സിനൊപ്പം ഉപയോഗിയ്ക്കാവുന്ന എന്‍കോഡിങ്ങ് യൂണികോഡിലേയ്ക്കു് മാറ്റുന്ന സംവിധാനം വേണം.

പിന്നെ ആദ്യത്തെ ഫോണ്ടു് ആദ്യത്തെ ബ്രൌസര്‍ തുടങ്ങിയ അവകാശവാദങ്ങള്‍ പെട്ടെന്നു് വാര്‍ത്തകളില്‍ ഇടം പിടിയ്ക്കുമല്ലോ. നമുക്കിപ്പോഴും ഓപ്പറേറ്റിങ്ങ് സിസ്റ്റവും ഫോണ്ടുകളുമെക്കെ അജ്ഞാതമായിരിയ്ക്കുന്നതിന്റെ പരിണിത ഫലമാണിതു്. മറ്റാരോ നമുക്കു് തരുന്ന സൌകര്യം. നമുക്കും ചെയ്യാവുന്ന കാര്യമായി നാമിതിനെ സമീപിയ്ക്കാതിരിയ്ക്കുന്നതു് കൊണ്ടാണു് പലപ്പോഴും മുറി വൈദ്യന്‍മാരെ പൊക്കിനടക്കേണ്ടുന്ന ഗതികേടുണ്ടാകുന്നതു്.

രൂപയുടെ ചിഹ്നത്തിലേയ്ക്കു് തിരിച്ചു് വരാം, ഇവിടെ ~ എന്ന അക്ഷരത്തിന്റെ സ്ഥാനത്തു് രൂപയുടെ ചിഹ്നം കയറ്റി വച്ചുള്ള ഒരു തട്ടിപ്പു് പരിപാടിയാണിവിടെ വലിയ ആഘോഷമായി കൊട്ടിഘോഷിയ്ക്കപ്പെട്ടതു്. കാണാന്‍ മാത്രമുള്ളൊരു സൂത്രവിദ്യ, കാണുക എന്നു് മാത്രമേ നിങ്ങള്‍ കമ്പ്യൂട്ടറുകൊണ്ടുദ്ദേശിയ്ക്കുന്നുള്ളൂ എങ്കില്‍ അതു് തന്നെ ധാരളമായിരിയ്ക്കും. എന്നാല്‍ രൂപയെ എല്ലാം കമ്പ്യൂട്ടറുകളും രൂപയായി മനസ്സിലാക്കാന്‍ ഇനിയും കാത്തിരിയ്ക്കണം. യൂണികോഡില്‍ ഈ ചിഹ്നത്തിനു് സ്ഥാനം ലഭിയ്ക്കുന്നതു് വരെ ഇതൊരു പറ്റിപ്പായി നിലനില്‍ക്കും.
Link9 comments|Leave a comment

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഏഴാമതു് പ്രാദേശികവത്കരണ ശിബിരം ജൂലൈ 10, 11 തിയ്യതികളില്‍ [Jul. 8th, 2010|12:24 pm]
പ്രവീണ്‍ എ

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ നേതൃത്വത്തില്‍ സിക്സ്‌വെയര്‍ ടെക്ലോളജിസിന്റേയും പാലക്കാട് ലിബര്‍ സോഫ്റ്റ്‌വെയര്‍ യൂസേര്‍സ് സൊസൈറ്റിയുടേയും സ്വതന്ത്ര ജനാധിപത്യ സഖ്യത്തിന്റേയും സഹകരണത്തോടെ രണ്ടു് ദിവസത്തെ പ്രദേശികവത്കരണ ശിബിരം ബിഗ് ബസാര്‍ സ്കൂളില്‍ (വലിയങ്ങാടി സ്ക്കൂളില്‍) വച്ചു് ജൂലൈ 10, 11 (ശനി, ഞായര്‍) തിയ്യതികളില്‍ നടത്തുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ മലയാളത്തില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനത്തില്‍ സാധാരണക്കാരെ പങ്കെടുപ്പിയ്ക്കാനും ആവശ്യമായ പരിശീലനം നല്‍കാനും രണ്ടു് ദിവസത്തെ ശിബിരം ലക്ഷ്യമിടുന്നു. ശിബിരം നടക്കുന്ന പള്ളിക്കൂടവും അതിനടുത്ത റോഡുകളും സ്വതന്ത്ര ഭൂപട സംരംഭമായ ഓപ്പണ്‍സ്ട്രീറ്റ്മാപ്പില്‍ ചേര്‍ക്കുവാനും ശിബിരം ലക്ഷ്യമിടുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കി മലയാളഭാഷാ കമ്പ്യൂട്ടിങ്ങ് രംഗത്തു് പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.

ശിബിരത്തില്‍ പങ്കെടുക്കാന്‍ നിബന്ധനകളൊന്നുമില്ല, മലയാളത്തില്‍ കമ്പ്യൂട്ടറുപയോഗിയ്ക്കാനും മലയാളം കമ്പ്യൂട്ടിങ്ങിന്റെ സാധ്യതകളേക്കുറിച്ചറിയാനും പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനും താത്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം. പ്രവേശനം സൌജന്യമാണു്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ താഴെ കൊടുത്ത വെബ്സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്യുകയോ താഴെ കൊടുത്ത പ്രവര്‍ത്തകരെ വിളിച്ചറിയിയ്ക്കുകയോ ചെയ്യണം. കോഴിക്കോട്, പൂനെ, തിരുവനന്തപുരം, അങ്കമാലി, കൊച്ചി, കുറ്റിപ്പുറം തുടങ്ങി ആറിടങ്ങളില്‍ ഇതിനോടകം തന്നെ ശിബിരങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി.

കമ്പ്യൂട്ടറില്‍ മലയാളം എങ്ങനെ ഉപയോഗിയ്ക്കാമെന്നതിന്റെ പരിശീലനവും ഇതിന്റെ സാങ്കേതിക വശങ്ങളുടെ വിശദീകരണവും മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രധാന്യത്തെക്കുറിച്ചുള്ള ചര്‍ച്ചയും ആദ്യ ദിവസത്തെ പരിപാടിയിലുണ്ടു്. സോഫ്റ്റ്‌വെയറുകള്‍ മലയാളത്തില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും ചിട്ടവട്ടങ്ങളും പരിചയപ്പെടുത്തുന്നതിനോടൊപ്പം ചില സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ മലയാളം പരിഭാഷ കൂട്ടായി ചെയ്യാനും ലക്ഷ്യമിടുന്നു. കമ്പ്യൂട്ടറിന്റെ ഉപയോഗത്തിലെ ചുമര്‍ചിത്രങ്ങള്‍ (wallpapers), സ്ക്രീന്‍സേവറുകള്‍ തുടങ്ങി കലാപരമായ വിഷയങ്ങളുടെ സാംസ്കാരികമായ പ്രാദേശികവത്കരണത്തിന്റെ ആവശ്യകതയെക്കുറിച്ചും അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും ചര്‍ച്ച നടക്കും. ഇരുമ്പനം വിഎച്ച്എസ്എസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ടക്സ്‌പെയിന്റ് എന്ന ചിത്രം വരയ്ക്കാനുള്ള സോഫ്റ്റ്‌വെയറില്‍ കേരളത്തിലെ പൂക്കള്‍ ചേര്‍ത്തു് നേരത്തെ തന്നെ ഈ മേഖലയില്‍ മാതൃക കാട്ടിയിട്ടുണ്ടു്

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തത്വശാസ്ത്ര ലേഖനങ്ങളുടെ പരിഭാഷയും ഗുണനിലവാരം ഉറപ്പു് വരുത്തലുമായി രണ്ടാം ദിവസത്തെ പരിപാടി തുടങ്ങും. കെഡിഇ എന്ന സോഫ്റ്റ്‌വെയര്‍ ശേഖരത്തിലെ കളികളുടെ മലയാള പരിഭാഷയും രണ്ടാം ദിവസം തുടരും. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ചും ശിബിരത്തെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ശിബിരത്തിനു് രെജിസ്റ്റര്‍ ചെയ്യാനും http://www.smc.org.in എന്ന വെബ്സൈറ്റ് സന്ദര്‍ശിയ്ക്കുകയോ താഴെ കൊടുത്ത നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.

ഹിരണ്‍ വേണുഗോപാലന്‍ +91 949 6346709 മനോജ്‌ കെ മോഹന്‍ - +91 949 5513874

അച്ചടിയ്ക്കാവുന്ന രൂപത്തില്‍ (പിഡിഎഫ് ഫയല്‍) രെജിസ്റ്റര്‍ ചെയ്യാനും കൂടുതലറിയാനും നേരിട്ടുള്ള കണ്ണി

LinkLeave a comment

ഗാന്ധി പുനര്‍ജ്ജനിയ്ക്കുന്നു ഇറോം ശര്‍മ്മിളയിലൂടെ [May. 16th, 2010|04:04 pm]
പ്രവീണ്‍ എ
[Tags|, , , ]

മണിപ്പൂരിന്റെ ഉരുക്കുവനിതയായ ഇറോം ശര്‍മ്മിള ചാനുവിന്റെ നിരാഹാര സമരം പത്തു വര്‍ഷം കടന്നു, പക്ഷേ മാവോയിസ്റ്റുകളോടു് പോലും ചര്‍ച്ചയ്ക്കു് തയ്യാറാണെന്നു് പറയുന്ന ചിദംബരം ജനാധിപത്യപരമായി അഹിംസാ മാര്‍ഗ്ഗത്തിലൂന്നിയ ഈ സമരത്തിനു് നേരെ കണ്ണടയ്ക്കുന്നു. ഇന്ത്യയിലുടനീളം നടക്കുന്ന പല അഹിംസാ മാര്‍ഗ്ഗത്തിലുള്ള സമരങ്ങളുടെ നേര്‍ക്കും ഇതേ മനേഭാവം പുലര്‍ത്തുന്ന സര്‍ക്കാരിനു് മുന്നറിയിപ്പുമായി ഗാന്ധിയുടെ ഹിന്ദ് സ്വരാജ് എന്ന പുസ്തകത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രതിരോധമന്ത്രി എകെ ആന്റണിയുടെ നാടായ ചേര്‍ത്തലയില്‍ നിന്നും ഇറോം ശര്‍മ്മിള ജയിലില്‍ കിടക്കുന്ന ഇംഫാല്‍ വരെ സിവിക് ചന്ദ്രന്‍, സാറാ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു പറ്റം മലയാളികള്‍ നടത്തുന്ന യാത്ര കഴിഞ്ഞ ആഴ്ച പൂനയിലൂടെ കടന്നു് പോയി.

മണിപ്പൂരടക്കമുള്ള ഏഴു് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിലവിലുള്ള പട്ടാള കരിനിയമമായ അഫ്‌സ്പ (AFSPA-Armed Forces Special Powers Act) പിന്‍വലിച്ചു് ജനങ്ങളുടെ ഭരണഘടന ഉറപ്പു് നല്‍കുന്ന അധികാരങ്ങള്‍ തിരിച്ചു് നല്‍കണമെന്നാണു് ഇറോം ശര്‍മ്മിളയുടെ പത്തു് വര്‍ഷം നീണ്ട ഈ നിരാഹാര സമരത്തിന്റെ ആവശ്യം. മാറി മാറി വന്ന സര്‍ക്കാരുകള്‍ നല്‍കിയ വാഗ്ദാനങ്ങളും ഇതേപ്പറ്റി പഠിയ്ക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജീവന്‍ റെഡ്ഡി കമ്മീഷന്റെ ശുപാര്‍ശകളും നില നില്‍ക്കെ തന്നെ ഈ കരി നിയമത്തിന്റെ മറവില്‍ ജനങ്ങളുടെ ഭരണഘടനാധികാരങ്ങള്‍ ഇന്നും ഭരണഘടനയുടെ താളില്‍ തന്നെയിരിയ്ക്കുന്നു.

"ബ്രിട്ടീഷുകാര്‍ 1942ലെ ‘ക്വിറ്റ് ഇന്ത്യാ’ സമരത്തെ അടിച്ചമര്‍ത്താന്‍ പാസാക്കിയ ഒരു ഓര്‍ഡിനന്‍സിന്‍റെ പേര് Armed Force (Special Powers) Ordinance എന്നായിരുന്നു. 1942 ആഗസ്ത് 15 മുതല്‍ AFSPO  ഇന്ത്യ മുഴുവന്‍ ബാധകമാക്കി. ക്വിറ്റ് ഇന്ത്യാ സമരത്തെ അടിച്ചമര്‍ത്താനായിരുന്നു അത്.
ആവശ്യമെന്ന് തോന്നിയാല്‍ ക്യാപ്റ്റനും അതിന് മുകളിലുളള അധികാരികള്‍ക്കും ആരെയും വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടാന്‍ AFSPO അധികാരം നല്‍കുന്നു. അക്കാലത്ത് രാജഭരണത്തിനു കീഴിലായിരുന്ന മണിപ്പൂര്‍ ഈ നിയമത്തിന്‍റെ പരിധിയിലുണ്ടായിരുന്നില്ല. എന്നാല്‍ ഈ നിയമത്തിന്‍റെ ഇന്ത്യന്‍ പതിപ്പായ AFSPA(Armed Forses Special Powers Act) സൃഷ്ടിച്ച ദുരന്തങ്ങള്‍ മണിപ്പൂര്‍ ഇപ്പോഴും അനുഭവിക്കുന്നു." - സുബിന്‍ കേരളവാച്ച്.കോമില്‍ എഴുതിയ നിങ്ങളറിയുമോ ഇറോം ശര്‍മ്മിളയെ? എന്ന ലേഖനത്തില്‍ നിന്നും

പന്തമേന്തിയ പെണ്ണുങ്ങള്‍ എന്ന പേരില്‍ ഇറോം ശര്‍മ്മിളയുടെ ജീവിതത്തേയും സമരത്തേയും ആധാരമാക്കിയ മനോഹരമായ നാടകത്തിലൂടെയാണു് ഈ യാത്ര ജനങ്ങളോടു് സംവദിയ്ക്കുന്നതു്. താനിയ മലയാളത്തിലും ഓജസ് ഹിന്ദിയിലും ഈ നാടകം അവതരിപ്പിയ്ക്കുന്നു.

താനിയ ഇറോം ശര്‍മ്മിളയായി പന്തമേന്തിയ പെണ്ണുങ്ങള്‍ എന്ന നാടകത്തില്‍

ചിത്രത്തിനു് കടപ്പാടു്: ഇന്ത്യന്‍ എക്സ്‌പ്രസ്സ്

റയില്‍ മാര്‍ഗ്ഗമുള്ള ഈ യാത്ര കടന്നു് പോകുന്ന സ്ഥലങ്ങള്‍

May 8, 2010: Chertala, Kerala
May 9, 2010: Bangalore, Karnataka
May 10, 2010: Chennai, Tamil Nadu
May 11, 2010: Vijaywada, Andhra Pradesh
May 13,2010: Pune, Maharashtra
May 15,2020: Bhopal, Madhya Pradesh
May 16, 2010 Delhi
May 18, 2010: Kolkotta, West Bengal
May 20, 2010: Gauhati, Assam
May 21/22, 2010 Imphal, Manipur

സര്‍ക്കാറിന്റെ കണ്ണു് തുറപ്പിയ്ക്കാനുള്ള ഈ പരിശ്രമത്തില്‍ നിന്നും ജനാധിപത്യത്തില്‍ വിശ്വസിയ്ക്കുന്ന ആര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. ഈ സമരത്തിനുള്ള പിന്തുണ സര്‍ക്കാറിനെ എഴുതി അറിയിയ്ക്കാന്‍ താത്പര്യപ്പെടുന്നു.

കൂടുതല്‍ വായനയ്ക്കു്
ഹിന്ദ് സ്വരാജ് പീസ് മാര്‍ച്ചിനോടനുബന്ധിച്ചിറക്കിയ ലഘുലേഖ താഴെ കൊടുക്കുന്നു

"ഭീകരപ്രവര്‍ത്തകരോടു് പോലും ചര്‍ച്ചകള്‍ക്കു് സന്നദ്ധത പ്രകടിപ്പിയ്ക്കുന്ന സര്‍ക്കാര്‍ ഹിന്ദ് സ്വരാജിന്റെ ശതാബ്ദി വര്‍ഷത്തില്‍ അക്രമരഹിത സമരങ്ങളോടുള്ള നിശബ്ദത അവസാനിപ്പിയ്ക്കുക"

മണിപ്പൂരില്‍ പട്ടാളം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു് എതിരെ ഒരു ദശകത്തിലേറെയായി അക്രമസമരം നടത്തുന്ന ഇറോം ശര്‍മ്മിളയ്ക്കു് പിന്തുണയുമായി
ഹിന്ദ്സ്വരാജ് പീസ് മാര്‍ച്ച്

ചേര്‍ത്തല മുതല്‍ ഇംഫാല്‍ വരെ 2010 മെയ് 8 - 27

ഹിന്ദ് സ്വരാജ് ശതാബ്ദി സമിതി
മാന്യരേ,
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന Armed Forces Special Powers Act (AFSPA-1958) ആ മേഖലയില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു് വഴിവച്ചിരിയ്ക്കുന്നു. പട്ടാളം സാധാരണ ജനങ്ങളുടെ പ്രത്യേകിച്ചും സ്ത്രീകളുടെ നേരെ നടത്തുന്ന ക്രൂരതകള്‍ ഏറെ പ്രതിഷേധങ്ങള്‍ക്കു് കാരണമായിട്ടുണ്ടു്. പീഢനങ്ങള്‍ക്കിരയാവുന്നവര്‍ക്കു് പരാതിപ്പെടാനുള്ള അവസരം പോലും നിഷേധിയ്ക്കുന്ന പ്രസ്തുത നിയമം പിന്‍വലിയ്ക്കുമെന്നു് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നിരവധി തവണ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും AFSPA ഇപ്പോഴും നിലനില്‍ക്കുന്നു.

സ്വന്തം ജനത അനുഭവിയ്ക്കുന്ന ക്രൂരതകള്‍ കണ്ടു് സഹിയ്ക്കാനാവാതെയാണു് പത്തു് വര്‍ഷം മുമ്പു് മണിപ്പൂരി കവയത്രി ഇറോം ശര്‍മ്മിള ഉപവാസ സത്യാഗ്രഹം ആരംഭിച്ചതു്. ഉപവാസം മൂലം അവശനിലയില്‍ ആകുമ്പോള്‍ സര്‍ക്കാര്‍ അവരെ അറസ്റ്റു് ചെയ്തു് മൂക്കിലൂടെ ട്യൂബിട്ടു് ബലമായി ഭക്ഷണം നല്‍കുന്നു. പോലീസ് കസ്റ്റടിയില്‍ നിന്നും മോചിതയാകുന്ന നിമിഷം ഇറോം ശര്‍മ്മിള വീണ്ടും ഉപവാസം ആരംഭിയ്ക്കും. ഇതു് പത്തു് വര്‍ഷമായി തുടരുന്നു. ഈ അക്രമരാഹിത്യ പോരാട്ടം ഇന്നു് ലോകമെങ്ങും ശ്രദ്ധിയ്ക്കപ്പെടുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇറോം ശര്‍മ്മിളയോടു് ചര്‍ച്ചയ്ക്കു് തയ്യാറാകുന്നില്ല. AFSPA പിന്‍വലിയ്ക്കാനുള്ള നടപടികള്‍ സ്വീകരിയ്ക്കുന്നുമില്ല. അതേസമയം തോക്കും ബോംബുമായി നിരപരാധികളെ കൊല ചെയ്യുന്ന ഭീകരപ്രവര്‍ത്തകരുമായി ചര്‍ച്ചകള്‍ക്കു് തയ്യാറാണെന്നു് പ്രഖ്യാപിയ്ക്കുന്ന സര്‍ക്കാര്‍ അക്രമരഹിത സമരങ്ങോടു് പുലര്‍ത്തുന്ന ഈ കുറ്റകരമായ നിശബ്ദത ചോദ്യം ചെയ്യപ്പെടേണ്ടതാണു്.

ഈ പശ്ചാത്തലത്തിലാണു് പ്രതിരോധ മന്ത്രി എകെ ആന്റണിയുടെ നാടായ ചേര്‍ത്തലയില്‍ നിന്നു്, ഏറ്റവും തീഷ്ണമായ അക്രമരഹിത പോരാട്ടത്തിന്റെ വേദിയായ ഇംഫാലിലേയ്ക്കു് ഒരു അഭിവാദ്യയാത്ര സംഘടിപ്പിച്ചിരിയ്ക്കുന്നതു്. അക്രമരഹിത സമരമുറയുടെ ഉപജ്ഞാതാവായ ഗാന്ധിജി എഴുതിയതും അഹിംസാത്മക ജീവിതത്തിന്റെ ദാര്‍ശനികമായ അടിത്തറ വിശദീകരിയ്ക്കുന്ന ഗ്രന്ഥവുമായ ഹിന്ദ്സ്വരാജിന്റെ ശതാബ്ദി പരിപാടി കാണുന്ന ഭാഗമായാണു് ഈ യാത്ര സംഘടിപ്പിയ്ക്കുന്നതു്. ഹിന്ദ്സ്വരാജ് പീസ് മാര്‍ച്ച് എന്നു് നാമകരണം ചെയ്തിട്ടുള്ള ഈ യാത്ര സംഘടിപ്പിച്ചിരിയ്ക്കുന്നതു് ഹിന്ദ്സ്വരാജ് ശതാബ്ദി സമിതിയാണു്.

2010 മെയ് 8 നു് ചേര്‍ത്തലയില്‍ ഹിന്ദ്സ്വരാജ് പീസ് മാര്‍ച്ച് തുടങ്ങി ബാംഗ്ലൂര്‍, ചെന്നൈ, വിജയവാഡ, പൂനെ, ഭോപ്പാല്‍, ന്യൂഡല്‍ഹി, കല്‍ക്കട്ട, ഗുവാഹട്ടി തുടങ്ങിയ സ്ഥലങ്ങളില്‍ ഇറങ്ങി മെയ് 23 നു് ഇംഫാലില്‍ നിന്നും മടങ്ങുന്ന യാത്രാസംഘം മെയ് 27 നു് കേരളത്തില്‍ തിരിച്ചെത്തുന്നു.
LinkLeave a comment

മലയാളം പ്രാദേശികവത്കരണ ക്യാമ്പുകള്‍ പൂനെയിലും തിരുവനന്തപുരത്തും [Mar. 19th, 2010|11:34 pm]
പ്രവീണ്‍ എ
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ആഭിമുഖ്യത്തില്‍ ഈ ആഴ്ച പൂനെയിലും അടുത്ത ആഴ്ച തിരുവനന്തപുരത്തും പ്രാദേശികവത്കരണ ക്യാമ്പുകള്‍ സംഘടിപ്പിയ്ക്കുന്നു. പ്രാദേശികവത്കരണത്തിന്റെ ഇന്നത്തെ അവസ്ഥയും വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതോടൊപ്പം പുതിയ പ്രവര്‍ത്തകരെ പ്രാദേശികവത്കരണ പ്രക്രിയയിലേയ്ക്കു് കൈ പിടിച്ചുയര്‍ത്തുവാനും ഇത്തരം ക്യാമ്പുകള്‍ ലക്ഷ്യമിടുന്നു. കോഴിക്കോട് എന്‍ഐടിയിലും ദേവഗിരി കോളേജിലും വച്ചു് നടന്ന ക്യമ്പുകളുടെ തുടര്‍ച്ചയാണിവ. കേരളത്തിലെല്ലായിടത്തും ഇത്തരം ക്യാമ്പുകള്‍ നടത്തുവാന്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ലക്ഷ്യമിടുന്നു. നിങ്ങളുടെ ഗ്രാമത്തില്‍/നഗരത്തില്‍/കോളേജില്‍/സ്കൂളില്‍ ഇതു പോലെ ക്യാമ്പുകള്‍ നടത്താന്‍ ആഗ്രഹിയ്ക്കുന്നെങ്കില്‍ ഞങ്ങളുമായി ബന്ധപ്പെടാം.

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പരിഭാഷാ പ്രക്രിയകളും പരിഭാഷയ്ക്കായുപയോഗിയ്ക്കാവുന്ന സോഫ്റ്റ്‌വെയറുകളും പരിഭാഷാ വിലയിരുത്തല്‍ രീതികളും ക്യാമ്പില്‍ വിശദീകരിയ്ക്കുന്നതാണു്. ഈ യജ്ഞത്തില്‍ പങ്കാളികളാകാനാഗ്രഹിയ്ക്കുന്ന എല്ലാവരേയും സാങ്കേതികമായി തയ്യാറാക്കുക എന്നാണു് ക്യാമ്പിന്റെ നടത്തിപ്പുകാര്‍ ആഗ്രഹിയ്ക്കുന്നതു്. സ്വതന്ത്ര സേഫ്റ്റ്‌വെയറുകളായ മോസില്ല ഫയര്‍ഫോക്സ്, ഓപ്പണ്‍ഓഫീസ് തുടങ്ങിയവയും ഗ്നു/ലിനക്സിലെ ഗ്നോം, കെഡിഇ തുടങ്ങിയവയും ഇപ്പോള്‍ തന്നെ മലയാളത്തില്‍ ലഭ്യമാണു്. മുകലില്‍ നല്‍കിയ കണ്ണികള്‍ സന്ദര്‍ശിച്ചു് ഈ ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ നിങ്ങളുടെ പേരുകള്‍ നല്‍കാവുന്നതാണു്.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ചു്

"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അടിസ്ഥാനമാക്കി കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടമാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്." കൂടുതല്‍ വിവരങ്ങള്‍ http://wiki.smc.org.in/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണു്.
LinkLeave a comment

ബിനായക് സെന്നിനു് ജാമ്യം: പ്രചാരണത്തിനു് ചുക്കാന്‍ പിടിച്ചതു് മലയാളി എഞ്ചിനീയര്‍ [May. 26th, 2009|12:12 pm]
പ്രവീണ്‍ എ
ബിനായക് സെന്നിന് ജാമ്യം
ന്യൂദല്‍ഹി: മാവോവാദിയെന്ന് ആരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി ഛത്തീസ്ഗഢ് ഗവണ്‍മെന്റ് ജയിലിലടച്ച സാമൂഹികപ്രവര്‍ത്തകനും പി.യു.സി.എല്‍ വൈസ്പ്രസിഡന്റുമായ ഡോ. ബിനായക്സെന്നിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ദീപക് വര്‍മ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് രണ്ടു വര്‍ഷമായി റായ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 59കാരനായ സെന്നിന് ജാമ്യം അനുവദിച്ചത്. ഹൃദ്രോഗബാധിതനായതിനാല്‍ ചികില്‍സക്കും മറ്റുമായി ജാമ്യം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ശാന്തിഭൂഷണ്‍ നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഛത്തീസ്ഗഢ് സര്‍ക്കാറിന് ഈ മാസം നാലിന് സുപ്രീംകോടതി നോട്ടീസ് നല്‍കി. ആവശ്യമായ വൈദ്യസഹായം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാരോപിച്ച് 2007 മെയ് 14നാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ സെന്നിനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. നക്സല്‍ അതിക്രമങ്ങളെ നേരിടാനെന്ന പേരില്‍ ഛത്തീസ്ഗഢ് സര്‍ക്കാറിന്റെ ഒത്താശയോടെ രൂപംകൊണ്ട സല്‍വാജുദൂം എന്ന സായുധഗ്രൂപ്പിന്റെ ക്രൂരകൃത്യങ്ങള്‍ പുറം ലോകത്തെ അറിയിച്ചതിനുള്ള പ്രതികാരമായിരുന്നു ഇത്. നക്സലുകളെ നേരിടാന്‍ സാധാരണക്കാര്‍ക്ക് ആയുധം നല്‍കുന്നതിനെതിരെ ഡോ. സെന്‍ ആദിവാസികളില്‍ ശക്തമായ ബോധവത്കരണം നടത്തി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തടവിലിട്ടാണ് ഭരണകൂടം ഇതിനോട് പ്രതികരിച്ചത്. മാവോവാദികളെ നേരത്തേതന്നെ തള്ളിപ്പറഞ്ഞിട്ടും മാവോയിസ്റ്റുകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന പേരില്‍ ഛത്തീസ്ഗഢ് സ്പെഷല്‍ പബ്ലിക് സെക്യൂരിറ്റി ആക്ട് എന്ന കരിനിയമത്തിന്‍ കീഴില്‍ ജാമ്യമില്ലാവകുപ്പുകളാണ് അദ്ദേഹത്തിന്റെ മേല്‍ ചുമത്തിയത്.

മികച്ച ശിശുരോഗ വിദഗ്ധനായ സെന്‍ ആദിവാസിമേഖലകളില്‍ പൊതുജനാരോഗ്യരംഗത്ത് സേവനപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍കോളജില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ സ്വര്‍ണമെഡലോടെയാണ് ഡോ. സെന്‍ ബിരുദമെടുത്തത്. ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയുടെ സെന്റര്‍ ഫോര്‍ സോഷ്യല്‍ മെഡിസിന്‍ വിഭാഗം മേധാവി സ്ഥാനം രാജിവെച്ചാണ് ഭാര്യ ഇലിനക്കൊപ്പം സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടെ ആരോഗ്യ രക്ഷാപ്രവര്‍ത്തനത്തിനു ഇറങ്ങിത്തിരിച്ചത്. സ്തുത്യര്‍ഹമായ സേവനത്തിന് അഞ്ചുവര്‍ഷം മുമ്പ് വെല്ലൂര്‍ മെഡിക്കല്‍കോളജ് അദ്ദേഹത്തെ പോള്‍ ഹാരിസണ്‍ മെഡല്‍ നല്‍കി ആദരിച്ചു.

140 രാജ്യങ്ങളിലുള്ള പൊതുജനാരോഗ്യസംഘടനകള്‍ ചേര്‍ന്ന് രൂപവത്കരിച്ച വാഷിംഗ്ടണ്‍ ആസ്ഥാനമായ ഗ്ലോബല്‍ മെഡിക്കല്‍ കൌണ്‍സില്‍ കഴിഞ്ഞവര്‍ഷം വൈദ്യസേവനത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനുമുള്ള അത്യുന്നത പുരസ്കാരമായ ജോനാഥന്‍ മന്‍ അവാര്‍ഡിന് സെന്നിനെ തെരഞ്ഞെടുത്തു. ആ അവാര്‍ഡ് വാഷിംഗ്ടണില്‍ ചെന്ന് സ്വീകരിക്കുന്നതിന് ഡോ. സെന്നിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ലോകപ്രശസ്തരായ 22 നോബല്‍ജേതാക്കള്‍ ഛത്തീസ്ഗഢ്, കേന്ദ്രഗവണ്‍മെന്റുകളോട് ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത് നിരാകരിക്കപ്പെട്ടു.
അദ്ദേഹത്തിനുവേണ്ടി പ്രമുഖ അഭിഭാഷകന്‍ രാംജത്മലാനി അടക്കമുള്ളവര്‍ പലതവണ സമീപിച്ചിട്ടും ഛത്തീസ്ഗഢ് ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. വിചാരണ തടവുകാരനായി രണ്ടു വര്‍ഷം പൂര്‍ത്തിയായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ലോകവ്യാപകമായി പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു.

സെന്നിന് ജാമ്യം ലഭിച്ച വാര്‍ത്തയറിഞ്ഞ് ഭാര്യ ഇലിനയും മകള്‍ പ്രഞ്ജിതയും മുംബൈയില്‍ നിന്ന് റായ്പൂരിലേക്ക് തിരിച്ചു. കോടതി നീതിയുടെ കൂടെ നിന്നുവെന്നും സെന്നിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ് ആദ്യശ്രമമെന്നും ഇലിന പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സെന്നിന്റെ വിമോചനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്.
 

സെന്നിന്റെ മോചനം: പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് മലയാളി എഞ്ചിനീയര്‍
  കൊച്ചി: കരിനിയമത്തിന്റെ മറവില്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ കാരിരുമ്പഴിക്കുള്ളിലടച്ച ജനകീയ ഡോക്ടര്‍ ബിനായക് സെന്നിന് രണ്ടുവര്‍ഷത്തെ ജയില്‍വാസത്തിനൊടുവില്‍ ജാമ്യം നേടാന്‍ വഴിയൊരുക്കിയതില്‍ മലയാളി പങ്കാളിത്തവും. ജനകീയ പ്രവര്‍ത്തകരെ അമര്‍ച്ച ചെയ്യുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥക്കെതിരെ മലയാളി പൊതു സമൂഹം നിസ്സംഗത പുലര്‍ത്തിയപ്പോള്‍ ഐ.ടി വിദഗ്ധനും സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകനുമായ തൃശൂര്‍ അവണൂര്‍ എടക്കുളം സ്വദേശി അനിവര്‍ അരവിന്ദും സംഘവും ഈ അവകാശ ലംഘനത്തിനെതിരെ രംഗത്തിറങ്ങുകയായിരുന്നു.

ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് സോഫ്റ്റ്വെയര്‍ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം വിവിധ മെയിലിംഗ് ലിസ്റ്റുകള്‍ വഴി അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളും മനുഷ്യാവകാശ ലംഘനങ്ങളും പുറംലോകത്തെ അറിയിച്ചു. ഇതിന് www.binayaksen.netഎന്ന വെബ്സൈറ്റും ബ്ലോഗുകളും ആരംഭിച്ചു. ചുരുങ്ങിയ കാലം കൊണ്ട് 14 ലക്ഷത്തോളം പേര്‍ സന്ദര്‍ശിച്ച ഈ സൈറ്റുവഴിയാണ് ലോകമെമ്പാടുമുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ ബിനായക്സെന്‍ വിഷയത്തില്‍ ആശയവിനിമയം നടത്തിയിരുന്നത്.

അറസ്റ്റിന് മുമ്പ് ബിനായക് സെന്നുമായി ഒരുപരിചയവും തനിക്കില്ലായിരുന്നെന്ന് അനിവര്‍ പറയുന്നു. കവിതാ ശ്രീവാസ്തവ, ശുക്ലാസെന്‍, ചാന്ദ്നി പരേഖ് തുടങ്ങിയ പൌരാവകാശ^മാധ്യമ രംഗത്തെ സുഹൃത്തുക്കള്‍ വഴിയാണ് സെന്നിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയുന്നത്. അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി നോംചോംസ്കി അടക്കം നാനാഭാഗത്തുനിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശ്രമം ഫലം കാണാതായതോടെയാണ് കാമ്പയിന്‍ രീതികളില്‍ മാറ്റം വരുത്തണമെന്ന് ബോധ്യമായത്.

വെബ്സൈറ്റിന്റെ മേല്‍നോട്ടത്തില്‍ എഡിറ്ററുടെ റോളായിരുന്നു തനിക്കെന്ന് അരവിന്ദ് പറയുന്നു.ഇതിന്റെ പേരില്‍ തനിക്ക് ഭീഷണിയോ ദേഹോപദ്രവമോ ഏല്‍ക്കേണ്ടി വന്നിട്ടില്ല. എന്നാല്‍, സെന്നിന്റെ മോചനത്തിന് പ്രചാരണം നടത്തിയ സിനിമാ പ്രവര്‍ത്തകന്‍ അജയ് ടി.ജി യെ കേസില്‍ കുടുക്കി ജയിലിലടച്ചു.
ജാവേദ് ഇഖ്ബാല്‍ എന്ന ഫോട്ടോഗ്രാഫറെ ക്രൂരമായി മര്‍ദിച്ചു. മറ്റു പല ആക്ടിവിസ്റ്റുകള്‍ക്കും ഭീഷണികളുമുണ്ടായി. ബിനായക് സെന്നിന് ജാമ്യം ലഭിച്ചെങ്കിലും കരിനിയമത്തിന്റെ മറവില്‍ ചുമത്തിയ കള്ളക്കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
സെന്നിനെ പൂര്‍ണമായി കുറ്റവിമുക്തനാക്കണമെന്നും ഭരണകൂടഭീകരത തുടച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനമെന്ന് അനിവര്‍ പറഞ്ഞു.
ഇഖ്ബാല്‍ ചേന്നര
 


കടപ്പാടു്: മാധ്യമം
LinkLeave a comment

navigation
[ viewing | most recent entries ]
[ go | earlier ]